യു.കെയിലെ അതിവേഗ കോവിഡ് ബാധയിൽ ആശങ്കയിലാണ് രാജ്യം. മുൻകരുതലിന്‍റെ ഭാഗമായി യു.കെയിലേക്ക് 31 വരെ വിമാന സർവീസുകൾ റദ്ദാക്കിയ കേന്ദ്ര നടപടി ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും. യു.കെയിൽ നിന്ന് വന്നവരും യു.കെ വഴി വന്നവരും 7 ദിവസം ക്വാറന്‍റൈനിൽ കഴിയുകയും ആര്‍.ടി.പി.സി.ആര്‍ നടത്തുകയും വേണം. സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. മഹാരാഷ്ട്ര ജനുവരി 5 വരെ രാത്രി 11 മണി മുതൽ രാവിലെ ആറ് വരെ കർഫ്യൂ ഏർപ്പെടുത്തി.
യൂറോപ്പിൽ നിന്നും ഗൾഫിൽ നിന്നും വരുന്നവർക്ക് 15 ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമാക്കി. നിയന്ത്രണങ്ങൾ ഇല്ലെങ്കിൽ ക്രിസ്തുമസ്, പുതുവത്സര ആലോഷങ്ങൾ കഴിയുമ്പോൾ രോഗബാധ വർധിക്കുമെന്നാണ് വിലയിരുത്തൽ. ഡൽഹിയും രാജസ്ഥാനും ആഘോഷങ്ങൾ വീട്ടിലാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും ജാഗ്രത തുടരണം എന്നുമാണ് ആരോഗ്യ മന്ത്രാലത്തിന്‍റെ (പതികരണം. വൈറസിന്‍റെ നിലവിലെ മാറ്റം വാക്സിൻ പരീക്ഷണത്തെ ബാധിക്കില്ലെന്നാണ് കമ്പനികൾ പറയുന്നത്.
രാജ്യത്തെ ആകെ രോഗബാധിതർ ഒരു കോടിയിലെത്തിയെങ്കിലും 3 ലക്ഷം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. മഹാരാഷ്ട്രയിൽ 2234 ഉം ബംഗാളിൽ 1515 ഉം തമിഴ് നാട്ടിൽ 1071 ഉം മധ്യപ്രദേശിൽ 1035 ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.