കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നാണ് നിലപാട്
നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നിയമപ്പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നാണ് നിലപാട്. എന്നാൽ കേരളം ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല.
അക്കാദമിക് വർഷത്തെ ബാധിക്കുന്നതിനാൽ പരീക്ഷ മാറ്റാനാകില്ലെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വാദം. വിദ്യാർഥികൾ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുന്നുണ്ട്. നീറ്റ് അടുത്ത മാസം 13നും ജെഇഇ മെയിൻ അടുത്ത മാസം ഒന്നു മുതൽ ആറു വരെയും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. അഡ്മിറ്റ് കാർഡ് വിതരണവും ആരംഭിച്ചു. എന്നാൽ കോവിഡ് ഭീഷണി കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ ഓൺലൈൻ ക്യാംപെയിൻ തുടരുകയാണ്. വിവിധ സംസ്ഥാന സർക്കാരുകളും ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.
സുപ്രീം കോടതിയെ സമീപിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ നിർദേശിച്ചു. നിയമ നടപടികൾ ഏകോപിപ്പിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പഞ്ചാബ് അഡ്വക്കറ്റ് ജനറൽ അതുൽ നന്ദയെ ചുമതലപ്പെടുത്തി.
ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പുതുച്ചേരി മുഖ്യമന്ത്രിമാരാണ് സോണിയ വിളിച്ച യോഗത്തിൽ പങ്കെടുത്തത്. ഒഡീഷ, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും പരീക്ഷകൾ മാറ്റമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നീറ്റും ജെഇഇയും ഇപ്പോൾ നടത്തരുതെന്ന് സിപിഎം കേന്ദ്ര നേതൃത്വം പരസ്യമായി നിലപാടെടുത്തിട്ടുണ്ടെങ്കിലും നിയമപോരാട്ടത്തിൽ കേരള സർക്കാരും പങ്കാളിയാകുമോയെന്ന് വ്യക്തമല്ല. കോൺഗ്രസ് നാളെ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധിക്കും. അതിനിടെ, പരീക്ഷകൾക്ക് വേണ്ട ഒരുക്കങ്ങൾ നടത്താൻ നിർദേശിച്ച് ആരോഗ്യമന്ത്രാലയ സെക്രട്ടറി സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു.