Kerala

ഭരണഘടനാ അധിക്ഷേപം; സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തും

സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറി അടക്കം വേദിയിലുണ്ടായിരുന്ന നേതാക്കളിൽനിന്ന് പൊലീസ് ശനിയാഴ്ച മൊഴിയെടുക്കും. ജില്ല സെക്രട്ടറിക്ക് നോട്ടീസ് നൽകി അടുത്ത ആഴ്ച വിവരങ്ങൾ തേടാനാണ് ആലോചന. പരാതിക്കാരായ അഞ്ചുപേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് സംഘാടകരിൽനിന്ന് വിവരങ്ങൾ തേടുന്നത്.

സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ ബിനു വർഗീസ്, കൺവീനർ കെ. രമേശ് ചന്ദ്രൻ, കെ.പി. രാധാകൃഷ്ണൻ അടക്കം പത്തോളം പേരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഇവർക്ക് നേരത്തേ നോട്ടീസ് നൽകിയിരുന്നു.

പരിപാടിയിൽ അധ്യക്ഷത വഹിച്ചിരുന്ന മാത്യു ടി. തോമസ് എം.എൽ.എ, ആശംസ അറിയിച്ച പ്രമോദ് നാരായണൻ എം.എൽ.എ എന്നിവരുടെ മൊഴി നിയമസഭ സമ്മേളനശേഷം രേഖപ്പെടുത്തും. അതേസമയം, കേസിൽ അന്വേഷണം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും പ്രധാന തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല.

ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗത്തിന്റെ രണ്ട് മിനിറ്റ് ഭാഗം മാത്രംമാണ് നിലവിൽ പൊലീസിന്റെ കയ്യിലുള്ളത്. രണ്ട് മണിക്കൂറും 28 മിനുറ്റും അൻപത്തിയൊൻപത് സെക്കന്റും ദൈർഘ്യമുള്ള പരിപാടിയാണ് ഈ മാസം മൂന്നാം തീയതി മല്ലപ്പളളിയിൽ നടന്നത്ത്. അതുകൊണ്ട് തന്നെ മുഴുവൻ ഭാഗവും പരിശോധിക്കാതെ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്നാണ് പൊലീസ് വിശദീകരണം.

പരിപാടിയുടെ രണ്ട് മണിക്കൂറിലധികം നീണ്ട വിഡിയോ തങ്ങളുടെ പക്കൽ ഇല്ല എന്നാണ് മല്ലപ്പള്ളി ഏരിയ നേതൃത്വം വിശദീകരിക്കുന്നത്. പരിപാടി ചിത്രീകരിച്ച സ്റ്റുഡിയോ നടത്തിപ്പുകാരനെ ചോദ്യം ചെയ്തെങ്കിലും ദൃശ്യങ്ങൾ റെക്കോഡ് ചെയ്തിരുന്നില്ല എന്നാണ് ലഭിച്ച മറുപടി. ഈ സാഹചര്യത്തിൽ ദൃശ്യങ്ങൾ ഏരിയ കമ്മിറ്റിയുടെ ഫേസ് ബുക്ക് പേജിൽനിന്ന് വീണ്ടെടുക്കാൻ ശ്രമം തുടങ്ങി. ഇതിനായി സൈബർ ഫോറൻസിക് വിഭാഗത്തിന് പൊലീസ് കത്ത് നൽകും.

പരാതിക്കാരിലൊരാളായ മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരിയോട് തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തിരുവല്ല ഡിവൈ.എസ്.പി ഓഫിസിൽ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. സാക്ഷികളിൽനിന്നുളള വിവരങ്ങൾ തേടിയ ശേഷമാകും സജി ചെറിയാനെ ചോദ്യം ചെയ്യുക.