Kerala

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാറ്റി

കേന്ദ്ര മാര്‍ഗനിര്‍ദേശം വരുന്നതിന് പിന്നാലെ ജൂണ്‍ ആദ്യം പരീക്ഷ നടത്താനാണ് ആലോചന. മാനദണ്ഡങ്ങള്‍ മറികടന്ന് പരീക്ഷ നടത്തുന്നതില്‍ കേന്ദ്രം കടുത്ത നിലപാട് സ്വീകരിച്ചതിനാലാണ് പരീക്ഷ മാറ്റിയതെന്നാണ് സൂചന.

മേയ് 26 മുതല്‍ 30 വരെ നടത്താനിരുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാറ്റിവെച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശം വരുന്നതിന് പിന്നാലെ ജൂണ്‍ ആദ്യം പരീക്ഷ നടത്താനാണ് ആലോചന. മാനദണ്ഡങ്ങള്‍ മറികടന്ന് പരീക്ഷ നടത്തുന്നതില്‍ കേന്ദ്രം കടുത്ത നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് പരീക്ഷ മാറ്റിവെച്ചതെന്നാണ് സൂചന. സര്‍വ്വകലാശാല പരീക്ഷകളും മാറ്റി വെച്ചേക്കും.

എസ്എസ്എൽസി പരീക്ഷകൾ മെയ് 26 മുതല്‍ 28 വരെ ഉച്ചയ്ക്കും ഹയർ സെക്കൻഡറി പരീക്ഷകൾ മെയ് 26 മുതൽ 30 വരെ രാവിലെയും നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇന്നലെ വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി പറഞ്ഞത് പരീക്ഷ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ആശങ്ക വേണ്ടെന്നുമാണ്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടികളുമായി വിദ്യാഭ്യാസ വകുപ്പും വേഗത്തില്‍ മുന്നോട്ട് പോയി.

എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ലെന്ന നിബന്ധന ലംഘിച്ച് പരീക്ഷ നടത്തുന്നതിനെതിരെ കേന്ദ്രം തന്നെ കര്‍ശന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് പരീക്ഷ മാറ്റാനുള്ള തീരുമാനം മന്ത്രിസഭാ യോഗം എടുത്തതെന്നാണ് സൂചന. ജൂണ്‍ ആദ്യം വരുന്ന കേന്ദ്രത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ആലോചന. പരീക്ഷാ തിയ്യതി സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്‍റെ അറിയിപ്പ് വരും ദിവസങ്ങളില്‍ വരും.

കോവിഡ് വ്യാപന സാഹചര്യത്തില്‍ ഇപ്പോള്‍ പരീക്ഷ നടത്തരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് എത്താന്‍ കഴിയുമോ, സുരക്ഷിതമായി പരീക്ഷ നടത്താന്‍ കഴിയുമോ എന്നിങ്ങനെ ആശങ്കകള്‍ ഉയര്‍ന്നു. വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ സാമൂഹ്യ അകലം പാലിക്കാനാവില്ലെന്നതാണ് പ്രധാന പ്രശ്നം. ക്വാറന്‍റൈന്‍, ഹോട്ട്സ്പോട്ട് മേഖലകളില്‍ നിന്നുള്ള കുട്ടികള്‍ പരീക്ഷ എഴുതാനുണ്ടെന്ന ആശങ്ക രക്ഷിതാക്കളും പങ്കുവെക്കുകയുണ്ടായി.

നേരത്തെ തീരുമാനിച്ച സര്‍വ്വകലാശാല പരീക്ഷകളിലും മാറ്റമുണ്ടായേക്കും. അതാത് സര്‍വ്വകലാശാലകള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.