ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങി. കൊവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക മുന്നൊരുക്കങ്ങളോടെയും ക്രമീകരണങ്ങളോടെയുമായിരുന്നു പരീക്ഷ.
പത്തനംതിട്ടയിലും എറണാകുളത്തും കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതിന്റെ തൊട്ടുപിന്നാലെയാണ് പരീക്ഷകളെത്തിയത്. നേരത്തെ നിശ്ചയിച്ചതുകൊണ്ടും ഉന്നത പഠനത്തെ ബാധിക്കുന്നതുകൊണ്ടും തീയതിയില്‍ മാറ്റമില്ലാതെ പരീക്ഷയുമായി മുന്നോട്ടുപോവുകയായിരുന്നു. രോഗലക്ഷണങ്ങളുള്ള കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നില്ല. ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് വേണ്ട സ്കൂളുകളിലെല്ലാം നിരീക്ഷണത്തിലുള്ള കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക ക്ലാസ് മുറികള്‍ സജ്ജീകരിച്ചു. പത്തനംതിട്ടയിലാണ് കൂടുതല്‍ സ്കൂളുകളില്‍ ഇത്തരം സജ്ജീകരണം ഏര്‍പ്പെടുത്തിയത്. കുട്ടികളില്‍ ചിലര്‍ക്കെങ്കിലും പരീക്ഷപ്പേടിയെക്കാള്‍ കൊവിഡ് പേടിയാണ് കണ്ടത്.
ഇതാദ്യമായി എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളുടെ പരീക്ഷകള്‍ ഒരുമിച്ച് നടത്താന്‍ തീരുമാനിച്ചതോടെ ആകെ 13.74 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതാനെത്തി.