India Kerala

വേനല്‍ ചൂട്; എസ്.എസ്.എല്‍.സി പരീക്ഷാസമയം മാറ്റണമെന്ന് ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ സമയം മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. സർക്കാർ ഇക്കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ ആവശ്യപ്പെട്ടു. ഉച്ചക്ക് പുറത്തിറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റി ഉൾപ്പടെയുള്ളവയുടെ നിർദ്ദേശം നിലനില്‍ക്കുമ്പോഴാണ് പരീക്ഷ ഉച്ചക്ക് നടത്തുന്നത്. കുട്ടികൾ ഉച്ചസമയത്ത് രണ്ട് മണിക്കൂറിലധികം ചൂട് സഹിക്കേണ്ടി വരുന്നത് പ്രയാസം സൃഷ്ടിക്കുമെന്നാണ് രക്ഷിതാക്കളും അധ്യാപകരും പറയുന്നത്.

11 മണി മുതൽ 3 മണി വരെ നിലവിലെ അന്തരീക്ഷ ചൂട് കൊള്ളരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ തൊഴിലിടങ്ങളിലടക്കം സമയ ക്രമം നിശ്ചയിച്ചത്. എന്നാൽ കൊടും ചൂടത്ത് വിദ്യാർഥികൾ പരീക്ഷയെഴുതാൻ പെടാപ്പാടിലാണ്. ഉച്ചക്ക് ഒന്നരക്ക് പരീക്ഷ തുടങ്ങും 3 ദിവസം മൂന്ന് മണിക്കൂറും ബാക്കി ദിനങ്ങളിൽ രണ്ട് മണിക്കൂറുമാണ് പരീക്ഷ. പല സ്ഥലങ്ങളിലും സ്കൂൾ ബസ് ഉണ്ടാവില്ല. സ്കൂളിൽ ഫാൻ പോലുമില്ല. ക്ലാസ് മുറിയിലാണെങ്കിൽ കൊടും ചൂട്. ഈ മാനസികാവസ്ഥയിൽ പരീക്ഷ എഴുതിയാൽ അത് കുട്ടിയുടെ ഗുണനിലവാരത്തെ ബാധിക്കും.

പ്രശ്നത്തിൽ സർക്കാറിന്റെ അടിയന്തര ശ്രദ്ധ പതിയണമെന്നും ഇടപെടൽ അനിവര്യമാണെന്നും സംസ്ഥാന ബാലാവകാശ കമ്മീഷണർ മീഡിയവണിനോട് പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷ രാവിലെയാക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തെ അവഗണിച്ചതാണ് പ്രധാന പ്രശ്നമായി മാറിയത്. സർക്കാർ വിചാരിച്ചാൽ ഈ വർഷം സമയം മാറ്റാനും ചൂടിനെ മറികടക്കാനുള്ള സംവിധാനങ്ങളൊരുക്കാനും സാധിക്കുമെന്നാണ് വിദ്യാർഥികളുടേയും അധ്യാപകരുടേയും പക്ഷം.