Kerala

എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് രണ്ട് മണിക്ക്

പിആര്‍ഡി ലൈവ് ആപ്പിലൂടെയും വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്‍സൈറ്റുകളിലൂടെയും ഫലമറിയാം.

സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. ഉച്ചക്ക് രണ്ട് മണിയോടെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. പിആര്‍ഡി ലൈവ് ആപ്പിലൂടെയും വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്‍സൈറ്റുകളിലൂടെയും ഫലമറിയാം.

നാലരലക്ഷം വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷാ ഫലം കാത്തിരിക്കുന്നത്. keralaresults.nic.in, keralapareekshabhavan.in, sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in തുടങ്ങിയ വെബ്‍സൈറ്റുകള്‍ വഴി ഫലമറിയാം. കൈറ്റിന്‍റെ വെബ്‍സൈറ്റിലും ഫലം ലഭിക്കും. സഫലം 2020 എന്ന മൊബൈല്‍ ആപ്പിലൂടെയും പിആര്‍ഡി ആപ്പിലൂടെയും റിസല്‍ട്ട് ലഭിക്കും. വിദ്യാര്‍ത്ഥികളുടെ ഫലത്തിന് പുറമെ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിവിധ റിപ്പോര്‍ട്ടുകള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനവും മൊബൈല്‍ ആപ്പില്‍ ലഭ്യമാകും.

മാര്‍ച്ച് പത്തിനാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചത്. കോവിഡും ലോക്ക്ഡൌണും മൂലം മാറ്റിവെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെയാണ് നടത്തിയത്. രണ്ടാംഘട്ട പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആദ്യഘട്ട പരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം മെയ് ആറിനായിരുന്നു എസ്എസ്എല്‍സി ഫലപ്രഖ്യാപനം. 97.84 ശതമാനമായിരുന്നു വിജയം.