India Kerala

ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ, അപകടം നടന്നത് ഓര്‍മ്മയില്ല; ഹൈ കെയർ വാർഡിലേക്ക് മാറ്റി

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്  റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാര്‍. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് ശ്രീറാമിന്റെ രോഗാവസ്ഥയെക്കുറിച്ച് വിശദീകരിച്ചത്. . ശ്രീറാമിന് ഛർദിയും ഓർമ്മക്കുറവുണ്ടെന്നും(റെട്രൊഗ്രേഡ് അംനേഷ്യ) കഴുത്തിലെ നാഡികൾക്ക് പ്രശ്നമുണ്ടെന്നും പക്ഷെ ശസത്രക്രിയയുടെ ആവശ്യമില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ഏതെങ്കിലും വലിയ ആഘാതത്തിന് ശേഷം അതുമായി ബന്ധപ്പെട്ടോ അല്ലാത്തതോ ആയ ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. അപകടത്തിന് ശേഷമുള്ള സമ്മര്‍ദ്ദമാണ് ഇങ്ങനെയൊരു അവസ്ഥയിലെത്തിക്കുന്നതെന്നും സമ്മര്‍ദ്ദം ഒഴിയുമ്പോൾ പതിയെ ഓര്‍ത്തെടുക്കാന്‍ സാധിക്കുമായിരിക്കുമെന്നും കരുതുന്നു.

അതെ സമയം ശ്രീറാം വെങ്കിട്ടരാമനെ ഐ.സി.യുവിൽ നിന്ന് ഹൈ കെയർ വാർഡിലേക്ക് മാറ്റി. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡിന്റേതാണ് തീരുമാനം. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കി. കൈയുടെ ലിഗമെന്റിൽ പരിക്ക് ഉള്ളതിനാൽ 3 ആഴ്ച കൂടി ബാൻഡേജ് ധരിക്കേണ്ടി വരും.