India Kerala

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നു; നിയമനം ആരോഗ്യ വകുപ്പില്‍

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനം. സസ്പെന്‍ഷന്‍ കാലാവധി നീട്ടിയാല്‍ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ തിരിച്ചെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ആരോഗ്യ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി ആയി നിയമനം നല്‍കിയെന്നാണ് സൂചന.

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെ 2019 ആഗസ്ത് അ‍ഞ്ചിനാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സസ്പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന് വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടും സസ്പെൻഷൻ കാലാവധി ദീർഘിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. ഇതിനെതിരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ ശ്രീറാം സമീപിച്ചു. ഇതിന് പിന്നാലെ സര്‍ക്കാര്‍ നിയമോപദേശം തേടി. ശ്രീറാമിനെ ഇനിയും പുറത്തു നിർത്തുന്നത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതിൻറെ അടിസ്ഥാനത്തിലാണ് സർവീസിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. പത്രപ്രവർത്തക യൂണിയൻ പ്രതിനിധികളെ സർക്കാർ ഈ നിലപാട് അറിയിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായിട്ടാവും ശ്രീറാമിന് നിയമനം നൽകുകയെന്നാണ് വിവരം. ശ്രീറാം മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ ശേഷം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനം.