മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ കേസെടുത്തു. മദ്യപിച്ച് അമിത വേഗത്തില്‍ വണ്ടിയോടിച്ച് അപകടം വരുത്തിയ ശ്രീറാമിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. ശ്രീറാമിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ അപകട സമയത്ത് ഓടിച്ചിരുന്നത് ആരെന്ന് വ്യക്തതയില്ലാത്തതിനാല്‍ ആദ്യ ഘട്ടത്തില്‍ എഫ്.ഐ.ആറില്‍ പ്രതിയുടെ പേര് ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് തന്നെയാണെന്ന് പിന്നീട് പൊലീസും സ്ഥിരീകരിച്ചു. ശ്രീറാമിനൊപ്പമുണ്ടായിരുന്ന വാഹനത്തിന്റെ ഉടമ കൂടിയായ യുവതി വഫ ഫിറോസ് നല്‍കിയ മൊഴിയും വാഹനമോടിച്ചത് ശ്രീറാം എന്നാണ്.
ശ്രീറാം അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃക്സാക്ഷികളും ഇത് സാക്ഷ്യപ്പെടുത്തി. ശ്രീറാമിനെ ചോദ്യം ചെയ്ത പൊലീസ് രക്തസാമ്പിളും വിരലടയാളവും ശേഖരിച്ചു. ഇദ്ദേഹത്തിനെതിരെ 304 എ പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് ചുമത്തി. നിസ്സാര പരിക്കിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രീറാമിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അറസ്റ്റിന് ശേഷം സസ്പെന്‍ഷന്‍ ഉള്‍പ്പെടെ വകുപ്പ് തല നടപടികളും ശ്രീറാമിനെതിരെയുണ്ടാകും.