Kerala

ശ്രീറാം വെങ്കിട്ടറാമിന് പി.ആര്‍.ഡി പുതിയ പദവി; തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന സംഘമായി സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണ് ആരോഗ്യ വകുപ്പിൽ ജോയിന്‍റ് സെക്രട്ടറിയായി സർക്കാർ നിയമിച്ചത്

വ്യാജ വാർത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആർ.ഡി സംഘത്തിലേയ്ക്ക് ശ്രീറാം വെങ്കിട്ടറാമനെ സര്‍ക്കാര്‍ നിയമിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടറാം. ആരോഗ്യ വകുപ്പ് പ്രതിനിധിയായാണ് പി.ആർ.ഡിയുടെ ഫാക്ട് ചെക്ക് ഡിവിഷനിലേയ്ക്ക് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. ശ്രീറാമിന്‍റെ നിയമനം സർക്കാർ പിൻവലിയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വ്യാജ വാർത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആർ.ഡി.യുടെ ഫാക്ട് ചെക്ക് വിഭാഗത്തിന്‍റെ ഭാഗമായാണ് ശ്രീറാമിന്‍റെ പുതിയ നിയമനം.

ഫാക്ട് ചെക്കിൽ ആരോഗ്യ സംബന്ധമായ വ്യാജ വാർത്തകൾ കണ്ടെത്തുന്ന സമിതിയിലാകും ശ്രീറാം പ്രവർത്തിക്കുക. ശ്രീറാമിനെ ഫാക്ട് ചെക്ക് സമിതിയിൽ നിയമിച്ചത് സർക്കാർ പിൻവലിയ്ക്കണമെന്ന് പറഞ്ഞ രമേശ് ചെന്നിത്തല തെറ്റ് ചെയ്ത എല്ലാവരെയും സർക്കാർ സംരക്ഷിക്കുകയാണെന്നന്നും ആരോപിച്ചു. മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണ് ആരോഗ്യ വകുപ്പിൽ ജോയിന്‍റ് സെക്രട്ടറിയായി സർക്കാർ നിയമിച്ചത്.