മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി അപേക്ഷ പരിഗണിച്ച ശേഷമാകും ജാമ്യാപേക്ഷ പരിഗണിക്കുക. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ മ്യൂസിയം ക്രൈം എസ്.ഐയെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. എസ്. ഐക്കെതിരെ അന്വേഷണത്തിനും ഡി.ജി.പി ഉത്തരവിട്ടു. കേസ് അന്വേഷണത്തിനായും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്നാണ് ശ്രീറാമിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് ശ്രീറാം വാദിച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരണയെ തുടർന്നുണ്ടായതാണ്. മാധ്യമങ്ങൾ ഇല്ലാ കഥകൾ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ പൊലീസിന്റെ കസ്റ്റഡി അപേക്ഷയിൽ തീരുമാനമായതിനു ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതിനിടെ ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെന്ന ആക്ഷേപത്തെ തുടർന്ന് മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിനെ ഇന്നലെ സസ്പെൻഡ് ചെയ്തു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലും പ്രതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിലും എസ് ഐക്ക് വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.തുടർന്നാണ് സസ്പെൻഷൻ.
കേസ് അന്വേഷിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചു. കേസ് അന്വേഷണത്തിൽ ലോക്കൽ പൊലീസിന് വീഴ്ചയുണ്ടായോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായും അമിത വേഗത്തിൽ വാഹനമോടിച്ചതായും വ്യക്തമാക്കുന്ന സഹയാത്രിക വഫ ഫിറോസിന്റെ രഹസ്യമൊഴി പുറത്തായി. പല തവണ വേഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ശ്രീറാം തയ്യാറായില്ലെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.