Kerala

ശ്രീ എമ്മിന് നാല് ഏക്കര്‍ ഭൂമി നല്‍കിയത് ചോദ്യം ചെയ്ത് പ്രതിപക്ഷം

ആർ.എസ്.എസ് സഹയാത്രികനായ ശ്രീ എമ്മിന് നാല് ഏക്കര്‍ ഭൂമി നല്‍കിയത് ചോദ്യം ചെയ്ത് പ്രതിപക്ഷം. ഭൂമി നൽകിയത് സിപിഎം-ആർ.എസ്.എസ് അവിശുദ്ധ ബന്ധത്തിന് തെളിവാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഈ ബന്ധത്തില്‍ ജാഗ്രത പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതോടെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൂടി സിപിഎമ്മിനെ വെട്ടിലാക്കാന്‍ ഭൂമിദാനം ആയുധമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്ന് കൂടി വ്യക്തമായി.

ശ്രീ എമ്മിന് യോഗാ സെന്റര്‍ ആരംഭിക്കാന്‍ നാല് ഏക്കര്‍ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള മന്ത്രിസഭാ യോഗത്തില്‍. ഇതോടെ ശ്രീ എമ്മും സിപിഎമ്മും തമ്മിലുള്ള ബന്ധം രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയായി. ആര്‍.എസ്.എസ് -സി.പി.എം മദ്ധ്യസ്ഥ ചര്‍ച്ചകളുടെ ഇടനിലക്കാരനാണ് ശ്രീ എം എന്ന വാദങ്ങള്‍ ആദ്യം സി.പി.എം തള്ളി. സി.പി.എം നേതാവ് എം.വി ഗോവിന്ദന്റെ ഈ തള്ളി പറച്ചില്‍ പി ജയരാജന്‍ തിരുത്തിയതോടെ വിവാദം മുറുകി. വിവാദത്തിന്റെ ആദ്യഘട്ടത്തില്‍ മൗനം പാലിച്ച പ്രതിപക്ഷം തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം-ആർ.എസ്.എസ് ബന്ധം ചര്‍ച്ചയാക്കാനുള്ള അവസരമാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സിപിഎമ്മും ആര്‍.എസ്.എസും പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവാണിതെല്ലാമെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. അതേ സമയം ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ ന്യായീകരിക്കുന്ന പി ജയരാജന്‍, ഭൂമി നല്‍കിയതിനെ ന്യായീകരിക്കാന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ശ്രീ എമ്മിന്റെ പേരില്‍ ഉടലെടുത്ത വിവാദത്തിന് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തിച്ച പിആര്‍ ഏജന്‍സിയെ കേരളം നിയോഗിച്ചതും യാദൃശ്ചികമല്ലെന്ന നിലപാട് പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.