ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തി വന്നിരുന്ന ബദല്‍ ഘോഷയാത്രകള്‍ സി.പി.എം ഉപേക്ഷിച്ചു.സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.ശബരിമല വിഷയത്തില്‍ സി.പി.എം സ്വീകരിച്ച നിലപാടുകള്‍ തിരിച്ചടിയായെന്ന വിമര്‍ശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പരിപാടികള്‍ ഉപേക്ഷിക്കാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്.
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍ക്ക് ബദലായാണ് പുരോഗമന കലാസാഹിത്യ സംഘമടക്കമുളള സാംസ്കാരിക സംഘടനകളെ അണിനിരത്തി സി.പി.എം ഘോഷയാത്രകളും അനുബന്ധ പരിപാടികളും ആരംഭിച്ചത്. നാല് വര്‍ഷം മുന്‍പ് കണ്ണൂരിലായിരുന്നു പരിപാടികളുടെ തുടക്കം. സംഘപരിവാര്‍ നേതൃത്വത്തിലുളള ബാലഗോകുലം സംഘടിപ്പിക്കുന്ന ഘോഷയാത്രകളില്‍ സി.പി.എം കുടുംബത്തില്‍ നിന്നുളളവരടക്കം പങ്കെടുക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുവെന്ന വിലയിരുത്തലായിരുന്നു ഇത്തരം ബദല്‍ ഘോഷയാത്രകള്‍ നടത്താനുളള തീരുമാനത്തിന് പിന്നില്‍.
ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ തുടക്കമിട്ട പരിപാടി പിന്നീട് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ മുതല്‍ ബദല്‍ ഘോഷയാത്രകള്‍ വേണ്ടെന്നാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ തിരിച്ചടിയായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇത്തരം ആചാരങ്ങളില്‍ കൈകടത്തെണ്ടന്ന സി.പി.എം നേതൃത്വത്തിന്റെ പുതിയ തീരുമാനം.