India Kerala

ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് സെല്ലിലേക്ക് മാറ്റി

ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലിലേക്ക് കൊണ്ടുപോയി. തുടര്‍ ചികിത്സ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടോടെ ശ്രീറാമിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ സ്വകാര്യ ആശുപത്രിയിലേക്കയക്കേണ്ടെന്ന മജിസ്ട്രേറ്റിന്‍റെ തീരുമാനമാണ് മാറ്റത്തിന് പിന്നില്‍. എ.സി ഡീലക്സ് റൂമില്‍ ശ്രീറാം വെങ്കിട്ടരാമന്‍ സുഖവാസം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിയ സമ്മര്‍ദത്തിനൊടുവില്‍ വൈകിട്ട് 5 മണിയോടെയാണ് ശ്രീറാമിനെ കിംസ് ആശുപത്രിയില്‍ നിന്ന് പുറത്തേക്കിറക്കുന്നത്. മുഖത്ത് മാസ്കോട് കൂടി സ്ട്രെച്ചറില്‍ കിടത്തിയ നിലയില്‍ ആയിരുന്നു ശ്രീറാമിനെ ആംബുലന്‍സില്‍ എത്തിച്ചത്. കറുത്ത ഫിലിം ഒട്ടിച്ച ആംബുലന്‍സില്‍ മജിസ്ട്രേറ്റിന്‍റെ വീട്ടിലേക്കാണ് ആദ്യം തിരിച്ചത്.

ശ്രീറാം കിടന്ന ആംബുലന്‍സിലെത്തി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അമല്‍ എസ് ആര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചു. തുടര്‍ചികിത്സ വേണമെന്നായിരുന്നു റിപ്പോര്‍ട്ട്. ചികിത്സ ആവശ്യമെങ്കില്‍ ജയിലിലെ ഡോക്ടര്‍മാര്‍ പരിശോധിച്ച് മെഡിക്കല്‍ കോളജിലെ സെല്ലിലേക്ക് മാറ്റട്ടെയെന്നായി മജിസ്ട്രേറ്റ്. സ്വകാര്യ ആശുപത്രിവാസം വേണ്ടെന്നു മജിസ്ട്രേറ്റ് വിധിച്ചു. അവിടെനനിന്ന് തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് കൊണ്ടു വരികയായിരുന്നു. ശേഷം ജയിലിലെ ഡോക്ടര്‍മാരുടെ പരിശോധനക്ക് ശേഷം രാത്രി 8.30 ഓടെ മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചു.

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഒരു ദിവസത്തെ സുഖവാസത്തിന് ശേഷം ചിക്തിസ തേടുന്ന തടവുപുള്ളികള്‍ക്കൊപ്പം മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലില്‍ ഇന്ന് അന്തിയുറങ്ങും.

അതെ സമയം കേസില്‍ ശ്രീറാം വെങ്കിട്ടരാമൻ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. അഡ്വക്കേറ്റ് ഭാസുരേന്ദ്ര നായർ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഹാജരാകും.