മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചു. കസ്റ്റഡി അപേക്ഷ പരിഗണിച്ചതിനു ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാനാകുവെന്ന് വഞ്ചിയൂര്‍ കോടതി അറിയിച്ചു. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.
കേസ് രാഷ്ട്രീയ പ്രേരിതവും മാധ്യമ സമ്മർദവുമെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. അതേ സമയം ശ്രീറാമിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. പ്രതി മദ്യപിച്ചിരുന്നതായും ഉന്നത ഉദ്യോഗസ്ഥനായതിനാൽ സാക്ഷികളെ സ്വാധീനിക്കാമെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വിശദീകരിക്കുന്നു.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിച്ചത്. കുറ്റം ചെയ്തിട്ടില്ലെന്നും വലത് കൈക്ക് പരിക്കുള്ളതിനാൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ആയതിനാൽ ജാമ്യം അനുവദിക്കണമെന്നും ശ്രീറാമിന്റെ അഭിഭാഷകൻ വാദിച്ചു. കേസ് രാഷ്ട്രീയ പ്രേരണയെ തുടർന്നുണ്ടായതാണെന്നും മാധ്യമങ്ങൾ ഇല്ലാ കഥകൾ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിനെ എതിർത്ത പ്രോസിക്യൂഷൻ ശ്രീറാമിനെ കസ്റ്റഡിയിൽ വിടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചു കോടതി ശ്രീറാമിനായി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കസ്റ്റഡി അപേക്ഷയിൽ തീരുമാനമായതിനു ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി പ്രതിഭാഗത്തെ അറിയിച്ചു. നാളെയാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. രക്തം മുടി ഫിംഗർ പ്രിന്റ് എന്നിവയുടെ രാസപരിശോധന ആവശ്യമാണെന്നാണ് കസ്റ്റഡി അപേക്ഷയിൽ പൊലീസ് അറിയിച്ചിരിക്കുന്നത്.
അതേസമയം നരഹത്യ കുറ്റം ചുമത്തിയുള്ള ശ്രീറാം വെങ്കിട്ട രാമന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നു. പ്രതി മദ്യപിച്ചിരുന്നതായും ഉന്നത ഉദ്യോഗസ്ഥനായതിനാൽ സാക്ഷികളെ സ്വാധീനിക്കാമെന്നും റിമാൻഡ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.