Kerala

ശ്രീനിവാസന്‍ വധക്കേസ്; പ്രതികളുപയോഗിച്ച മറ്റൊരു ബൈക്ക് കൂടി കണ്ടെത്തി

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളുപയോഗിച്ച മറ്റൊരു വാഹനംകൂടി കണ്ടെത്തി. പ്രതികളിലൊരാളായ കാവില്‍പാട് സ്വദേശി ഫിറോസ് ഉപയോഗിച്ച ബൈക്കാണ് പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയില്‍ നിന്ന് കണ്ടെത്തിയത്. ഭാരതപ്പുഴയോരത്ത് പുല്‍ക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്. ബൈക്കില്‍ രക്തക്കറയും കണ്ടെത്തി. പ്രതി ഫിറോസുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടയാണ് ബൈക്ക് കണ്ടെത്തിയത്.

ഫിറോസിന്റെ വീടിനു നേരെ ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സംഘമാളുകള്‍ പെട്രോള്‍ നിറച്ച കുപ്പികള്‍ വലിച്ചെറിഞ്ഞിരുന്നു. പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അതിനിടെ കഴിഞ്ഞയാഴ്ച കേസിലെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെയും പട്ടാമ്പി സ്വദേശികളും സഹായികളുമായ അബ്ദുള്‍ നാസര്‍, ഹനീഫ, മരുതൂര്‍ സ്വദേശി കാജാ ഹുസൈന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ശ്രീനിവാസന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളിലേക്കും അതിവേഗത്തില്‍ എത്തുകയാണ് അന്വേഷണ സംഘം. കൃത്യം നടത്താന്‍ ശ്രീനിവാസന്റെ എസ് കെ എസ് ഓട്ടോഴ്‌സിലെത്തിയ ആള്‍ അടക്കം നാല് പ്രതികളുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.