Kerala

പണം ലഭിക്കാൻ സൈക്കിൾ ചവിട്ടി യാത്ര; ഇന്ന് മുൻനിര സൈക്കിൾ ചാംപ്യൻ

ഓരോ മനുഷ്യരും വ്യത്യസ്തരാണ്. പങ്കുവെക്കാനുള്ളത് വ്യത്യസ്‍തമായ കഥകളാണ്. ചിലർ നമുക്ക് പ്രതീക്ഷയും പ്രചോദനവുമാണ്. ഇന്ന് പരിചയപ്പെടുത്തുന്നത് അങ്ങനെയൊരു യുവാവിനെയാണ്. പേര് ശ്രീനാഥ് ലക്ഷ്മികാന്ത്. കട്ടപ്പനയിൽ കുമളിറോഡിൽ ശ്രീനാഥിനെ അറിയാത്തവർ ചുരുക്കമായിരിയ്ക്കും. കാരണം ശ്രീനാഥും അദ്ദേഹത്തിന്റെ സൈക്കിളും വളരെ പ്രസിദ്ധമാണ്. കാലിൽ മോട്ടോർ ഘടിപ്പിച്ച സ്പീഡിലാണ് ശ്രീനാഥിന്റെ സൈക്കിളോട്ടം. ഈ സൈക്കിളോട്ടത്തിന് പിന്നിൽ ശ്രീനാഥിന് ഒരു കഥ തന്നെ പറയാനുണ്ട്. സൈക്കിളോട്ടമാണ് ശ്രീനാഥിന്റെ ഇഷ്ടവിനോദമെന്ന് ഇനി എടുത്തു പറയേണ്ടതില്ലല്ലോ…

ചേർത്തല സ്വദേശിയാണ് ശ്രീനാഥ്. ആലപ്പുഴ ടിഡി സ്കൂളിലേയ്ക്കുള്ള യാത്രയ്ക്കായാണ് ആദ്യമായി സൈക്കിൾ വാങ്ങി നൽകിയത്. അതുപിന്നെ കോളേജ് സമയത്തും പിന്തുടർന്നു. 2013–2016 വർഷം ഡിഗ്രി പഠനത്തിനായി എറണാകുളം മഹാരാജാസ് കോളജിലേയ്ക്ക് എത്തിയപ്പോഴും സൈക്കിളിൽ തന്നെയായിരുന്നു ശ്രീനാഥിന്റെ യാത്ര. കോളേജ് കഴിഞ്ഞ് ശ്രീനാഥ് പൈദോശയിലും ജോലി ചെയ്തിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ കൺസഷൻ ലഭിക്കില്ല. അതുകൊണ്ട് ആ യാത്രയും സൈക്കിളിൽ ആയിരുന്നു. ഈ യാത്രയെല്ലാം ശ്രീനാഥിനെ കൊണ്ടെത്തിച്ചത് വലിയൊരു നേട്ടത്തിലേക്കാണ്.

ഇന്ന് ദേശീയതലത്തിൽ അറിയപ്പെടുന്ന സൈക്കിളിസ്റ്റാണ് ശ്രീനാഥ്. സൈക്കിൾ ചവിട്ടിൽ മുൻ നിരയിലെത്താൻ ഈ യാത്രയെല്ലാം ശ്രീനാഥിനെ കരുത്തായി. ഇപ്പോൾ ഊട്ടിയിൽ ‘SL7’ എന്ന ഹൈ ഓൾട്ടിട്യൂഡ് ട്രെയിനിങ് സെന്ററിൽ പരിശീലനം നടത്തുകയാണ് ശ്രീനാഥ്. ഒപ്പം തന്റെ സ്വപ്നങ്ങളെയും ശ്രീനാഥ് ചേർത്തുപിടിച്ചിട്ടുണ്ട്. കീഴടക്കാനുള്ള ദൂരവും എത്തിച്ചേരാനുള്ള ലക്ഷ്യത്തിലേക്കുമുള്ള യാത്രയിലാണ് ശ്രീനാഥ്.