Kerala

‘ജാതി പറയരുതെന്ന് ഗുരുദേവൻ പറഞ്ഞിട്ടില്ല’: വെള്ളാപ്പള്ളി നടേശൻ

ജാതി പറയരുതെന്ന് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിട്ടില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതി വിവേചനം പാടില്ലെന്നാണ് ഗുരു പറഞ്ഞത്. അത് ജാതി പറയരുതെന്ന രീതിയിൽ ചിലർ വ്യാഖ്യാനിക്കുകയായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യത്തിന്‍റെ കണ്ണി അറ്റുപോയതിന് ഉത്തരവാദി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. “നായര്‍-ഈഴവ ഐക്യമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചത് സുകുമാരന്‍ നായരാണ്. എന്‍റെ അജണ്ട അതായിരുന്നില്ല. എങ്കിലും അത് ഞാന്‍ അംഗീകരിക്കുകയായിരുന്നു.

എന്തുകൊണ്ട് ഐക്യ ശ്രമങ്ങള്‍ നടക്കാതെ പോയെന്ന് സുകുമാരന്‍ നായരോട് ചോദിക്കണം”; വെള്ളാപ്പള്ളി പറഞ്ഞു. പിണറായിയുടെ ആദ്യ സര്‍ക്കാരിന്‍റെ കാലം മോശം പരിതസ്ഥിതിയിലായിരുന്നുവെന്നും പെന്‍ഷനും കിറ്റും അടക്കമുള്ള ആനുകൂല്യങ്ങള്‍ സാധാരണക്കാരുടെ മനസില്‍ ഇടംപിടിച്ചതിന്‍റെ നന്ദി പ്രകടനമാണ് പിണറായിക്കുള്ള ഭരണത്തുടര്‍ച്ചയെന്നും വെള്ളാപ്പള്ളി പറഞ്ഞു.