വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തെ തുടർന്നുള്ള വകുപ്പ് തല നടപടികളിൽ നിന്ന് ഡി.ഐ.ജി എ.വി. ജോർജിനെ ഒഴിവാക്കി. കൊലപാതകത്തിൽ ജോർജിന് പങ്കില്ലന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പരിഗണിച്ചാണ് ഡി.ജി.പിയുടെ ക്ലീൻ ചിറ്റ്. അതേസമയം കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു.
എ.വി. ജോർജ് എറണാകുളം റൂറൽ എസ്. പിയായിരിക്കെ രൂപികരിച്ച പ്രത്യേക സ്ക്വാഡ് ശ്രീജിത്തിനെ ആളുമാറി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.സ്ക്വാഡ് രൂപീകരിച്ചത് നിയമ വിരുദ്ധമായിട്ടാണെന്നും കൊലയിൽ ജോർജിനും അറിവുണ്ടെന്നുമായിരുന്നു കുടുംബാംഗങ്ങളുടെ അടക്കമുള്ള ആരോപണം. ആരോപണങ്ങൾ നിലനിൽക്കുമ്പോൾ തന്നെ എല്ലാ വകുപ്പ് തല അന്വേഷണവും നടപടികളും ഒഴിവാക്കിയാണ് ഇപ്പോൾ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. കേസിൽ പൊലീസിന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകും മുമ്പാണ് ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ് നൽകി കൊണ്ടുള്ള ഡി.ജി.പിയുടെ നടപടി. ആരോപണ വിധേയരായ ഏഴു പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനും നേരത്തെ പിൻവലിച്ചിരുന്നു. എന്നാൽ ജോർജിന് അനുകൂലമായ ഉത്തരവിലൂടെ പൊലീസ് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ശ്രീജിത്തിന്റെ മാതാവ് ശ്യാമള പറഞ്ഞു.
കേസിൽ പങ്കുണ്ടന്ന ആരോപണങ്ങളെ തുടർന്ന് നേരത്തെ ജോർജിനെ സസ്പെൻഡ് ചെയ്യുകയും വകുപ്പ് തല അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ജോർജിന്റെ വിശദീകരണം അംഗീകരിച്ച ഡി.ജി.പി സ്ക്വാഡിന്റെ പ്രവർത്തനം നിയമ പര മെ ന്ന് വിലയിരുത്തുകയാണുണ്ടായത്. കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ഞ് ജോർജിനെ പ്രതിയാക്കിയില്ലെന്നും സാക്ഷി മാത്രമാണന്നും വ്യക്തമാക്കി ക്ലീൻ ചിറ്റ് നൽകിയതോടെ ഉദ്യോഗസ്ഥന് അനുകൂല സാഹചര്യം ഉണ്ടായത്. ഇതോടെ സി.ഐ മുതലുള്ള പൊലീസുകാർ മാത്രമാണ് പ്രതിസ്ഥാനത്ത് അവശേഷിക്കുക.