India Kerala

ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ല, ആത്മഹത്യയെന്ന് സി.ബി.ഐ

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സി..ബി.ഐ. ശ്രീജീവ് ആത്മഹത്യ ചെയ്തതാണെന്നാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.ബി.ഐ പറയുന്നത്. എന്നാൽ ശ്രീജീവിന്റെത് കസ്റ്റഡി മർദനം മൂലമുണ്ടായ മരണം തന്നെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സഹോദരൻ ശ്രീജിത്ത്.

പാറശാല പൊലീസ് 2014 മേയ് 19 നാണ് ശ്രീജിവിനെ കസ്റ്റഡിയില്‍ എടുത്തത്. മേയ് 21ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് ശ്രീജിവ് മരിച്ചു. കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ അതിക്രൂര മർദ്ദനത്തിന് ശ്രീജീവ് ഇരയായെന്നും ഇതാണ് മരണകാരണമെന്നുമാണ് ബന്ധുക്കളുടെ ആക്ഷേപം. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത് അനിശ്ചിതകാല സമരവുമായി സെക്രട്ടേറിയറ്റ് പടിക്കലെത്തി. പ്രതിഷേധം ശക്തമായപ്പോൾ ക്രൈംബ്രാഞ്ചിൽ നിന്ന് കേസന്വേഷണം സി.ബി.ഐക്ക് കൈമാറി.

കസ്റ്റഡി മരണത്തിന് തെളിവുകളില്ലെന്നും ശാസ്ത്രീയ തെളിവുകൾ ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ആത്മഹത്യാ കുറിപ്പും തെളിവായി സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. കേസന്വേഷണം അവസാനിപ്പിക്കുകയാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ശ്രീജീവിന്റേത് കൊലപാതകമാണെന്ന് ആവർത്തിച്ച സഹോദരൻ ശ്രീജിത്ത്, അന്വേഷണം അട്ടിമറിച്ചതായും ആരോപിച്ചു. കേസിൽ സുപ്രിം കോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.