India Kerala

ശ്രീധന്യ; കുറിച്യ വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന ആദ്യത്തെ പെണ്‍കുട്ടി

സിവില്‍ സര്‍വീസില്‍ മികച്ച വിജയവുമായി ആദിവാസി പെണ്‍കുട്ടി. വയനാട് സ്വദേശിയായ ശ്രീധന്യാ സുരേഷാണ് സിവില്‍ സര്‍വീസ് റാങ്കിങ്ങില്‍ 410 ആം റാങ്ക് നേടി മിന്നുന്ന വിജയം കരസ്ഥമാക്കിയത്. കുറിച്ച്യ വിഭാഗത്തില്‍പെടുന്ന ശ്രീധന്യാ ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന ആദ്യ പെണ്‍കുട്ടിയാണ്. നേട്ടം ഏറെ സന്തോഷം പകരുന്നതാണെന്ന് ശ്രീധന്യ പ്രതികരിച്ചു. നിര്‍ദ്ധന കുടുംബത്തില്‍ ജനിച്ച ശ്രീധന്യയുടെ കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ് സിവില്‍ സര്‍വീസിലെ മികച്ച വി‍ജയം.

ദേവഗിരി കോളേജില്‍ നിന്നും സുവോളജിയില്‍ ബിരുദവും കാലിക്കറ്റു യൂണിവേഴ്സിറ്റിയില്‍ നിന്നു അപ്ലൈഡ് സുവോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയ ശ്രീധന്യ സിവില്‍ സര്‍വീസില്‍ പ്രധാന വിഷയമായി തെരഞ്ഞെടുത്തത് മലയാളമാണ്. വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. പിന്നോക്കാവസ്ഥയില്‍ നിന്നും മകള്‍ ഐ.എ.സ് നേടിയത് അഭിമാനകരമായ നിമിഷമാണെന്ന് ശ്രീധന്യയുടെ അമ്മ കമലയും അച്ചന്‍ സുരേഷും പ്രതികരിച്ചു. ശ്രീധന്യയെ പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ടെലിഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.