തന്നെ ആദിവാസി കുരങ്ങ് എന്ന് വിളിച്ച് അധിക്ഷേപിച്ച വ്യക്തിക്ക് മറുപടിയുമായി സിവിൽ സർവീസ് റാങ്ക് ജേതാവ് ശ്രീധന്യ. സഹായിച്ചവർക്കും അഭിനന്ദിച്ചവർക്കും നന്ദി രേഖപ്പെടുത്തി ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ അവസാന ഭാഗത്താണ് തന്നെ അധിക്ഷേപിച്ചയാളുടെ പേര് പരാമർശിക്കാതെ ശ്രീധന്യ മറുപടി നൽകുന്നത്. കുരങ്ങിൽ നിന്ന് പരിണാമം സംഭവിച്ചാണ് മനുഷ്യൻ ഉണ്ടായതെന്നാണല്ലോ ശാസ്ത്രം പറയുന്നത്. പക്ഷെ അവിടെ നിന്ന് ഞങ്ങൾ ഇപ്പൊ ഹോമോസാപ്പിയൻസ് ആയി കഴിഞ്ഞു. പക്ഷെ ദൗർഭാഗ്യകരമെന്ന് പറയട്ടെ താങ്കൾ ആ പ്രിമിറ്റിവ് സ്റ്റേജിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത് എന്നറിഞ്ഞതിൽ പുച്ഛം തോന്നുന്നു എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും അതറിയിക്കാതെ പഠനത്തിൽ മാത്രം ശ്രദ്ധ പതിപ്പിക്കാൻ ആവശ്യപ്പെട്ട വീട്ടുകാർ, അമ്മ, അച്ഛൻ, ചേച്ചി, അനിയൻ, കൂടാതെ മറ്റു ബന്ധുക്കൾ നാട്ടുകാർ തുടങ്ങി എല്ലാവർക്കും സ്‌നേഹം നൽകുന്നുവെന്നും ആദിവാസികൾക്ക് എത്തിപ്പെടാൻ കഴിയാത്തതായി ഒന്നുമില്ല എന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നുവെന്നും പോസ്റ്റിൽ പയുന്നു. നിങ്ങൾ സത്യമായ ലക്ഷ്യമാണ് മുന്നോട്ടു വെക്കുന്നതെങ്കിൽ നിങ്ങളെ തടയാൻ ആർക്കും ആവില്ല. സിവിൽ സർവീസ് എല്ലാവിധത്തിലും സുരക്ഷിതനായ ഒരു വ്യക്തിക്ക് മാത്രം പറ്റുന്നതല്ല എന്നും തനിക്ക് തെളിയിക്കണമായിരുന്നു. അതെല്ലാം താൻ തെളിയിച്ചിരിക്കുന്നു എന്നും പോസ്റ്റില്‍ പറയുന്നു.
റാങ്ക് നേട്ടത്തെത്തുടർന്ന് അഭിനന്ദിച്ച ഗവർണർ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കമൽഹാസൻ, മുഖ്യമന്ത്രി, എ.കെ ബാലൻ, രമേശ് ചെന്നിത്തല, എം.വി ജയരാജൻ, പി.കെ ശ്രീമതി, കെ.കെ ഷൈലജ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ശ്രീധന്യ നന്ദി രേഖപ്പെടുത്തി. ആദിവാസി-കുറിച്യ വിഭാഗത്തിലെ ആദ്യ ഐ.എ.എസുകാരിയാവാൻ ഒരുങ്ങുകയാണ് 410ാം റാങ്ക് നേടിയ ഈ മിടുക്കി.