Kerala

പത്മനാഭ സ്വാമി ക്ഷേത്രഭരണത്തിൽ രാജകുടുംബത്തിന്‍റെ അവകാശം ശരിവെച്ച് സുപ്രീം കോടതി; ക്ഷേത്രഭരണത്തിന് പുതിയ കമ്മിറ്റികൾ

രാജഭരണം ഇല്ലാതായെങ്കിലും രാജാവിന്‍റെ വ്യക്തിപരമായ അധികാരം ഇല്ലാതായിട്ടില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളിയത്

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണച്ചുമതല രാജ കുടുംബത്തിനില്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. രാജാവ് അന്തരിച്ചുവെന്നത് രാജ കുടുംബത്തിനുള്ള അവകാശങ്ങൾ ഇല്ലാതാക്കുന്നില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ക്ഷേത്ര ഭരണത്തിന് രാജ കുടുംബാംഗങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികളും അടങ്ങുന്ന പുതിയ കമ്മിറ്റി രൂപീകരിക്കാനുള്ള തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ നിർദേശവും ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന്‍റെ കാലശേഷം ക്ഷേത്രം അനന്തരാവകശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമായിരുന്നു 2011 ജനുവരി 31ലെ ഹൈക്കോടതി ഉത്തരവ്. രാജഭരണം ഇല്ലാതായെങ്കിലും രാജാവിന്‍റെ വ്യക്തിപരമായ അധികാരം ഇല്ലാതായിട്ടില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളിയത്.

ക്ഷേത്രഭരണവുമായി ബന്ധപ്പെട്ടതും ആചാരപരവുമായ അധികാരങ്ങൾ രാജകുടുംബത്തിനുണ്ടെന്നും സുപ്രീം കോടതി വിധിച്ചു. ജില്ലാ ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള കമ്മിറ്റിക്കായിരിക്കും താല്‍കാലിക ഭരണചുമതല. കമ്മിറ്റിയിലുള്ളവർ ഹിന്ദുമത വിശ്വാസികളാകണം. ബി നിലവറ തുറക്കുന്ന കാര്യം പുതിയ ഭരണ കമ്മിറ്റികൾക്ക് തീരുമാനിക്കാം. 2011ല്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും മുന്‍ സിഎജി വിനോദ് റായിയും സ്വത്തുക്കളില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഗുരുവായൂര്‍ മാതൃകയില്‍ ദേവസ്വം രൂപീകരിക്കാമെന്നായിരുന്നു സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഈ വാദവും തള്ളിയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണപരവും ആചാരപരവുമായ കാര്യങ്ങളില്‍ രാജകുടുംബത്തിനുള്ള അവകാശം സുപ്രീം കോടതി പുനഃസ്ഥാപിച്ചത്.