Kerala

വായിലെ ക്യാൻസർ നിർണയത്തിന് ‘ഓറൽസ്‌കാൻ’ ഉപകരണം നിർമിച്ച് ശ്രീചിത്ര

വായിലെ ക്യാൻസർ നിർണയത്തിന് ഓറൽസ്‌കാൻ ഉപകരണം വികസിപ്പിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജി. കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന്റെ നിധി പദ്ധതിയുടെ സാമ്പത്തിക പിന്തുണയോടെ മേക്ക് ഇൻ ഇന്ത്യ ഉദ്യമത്തിന്റെ ഭാഗമായി തദ്ദേശീയമായാണ് ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഉപകരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യമന്ത്രി കെകെ ശൈലജ നാളെ ഉദ്ഘാടനം ചെയ്യും.

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനൊപ്പം ബിസിനസ് ഇൻക്യുബേറ്ററായ ടൈമെഡിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ്പ് കമ്പനി, സാസ്‌കാൻ മെഡിടെക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരും പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ബിറാക് (ബിഗ് ഗ്രാന്റ്), ഡിഎസ്ടി (ഇൻവെന്റ്), കേരള സ്റ്റാർട്ട്അപ്പ് മിഷൻ എന്നീ സർക്കാർ സ്ഥാപനങ്ങളും സാമ്പത്തിക സഹായത്തോടെ പൂർണ്ണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമിച്ചിരിക്കുന്നതാണ് ഓറൻസ്‌കാൻ. കവിത വിജയൻ, ഡോ. റാണിമോൾ പ്രസന്ന, ഫെബെ ജോർജ്, ഡോ. സുഭാഷ് നാരായണൻ (സാസ്‌കാൻ സ്ഥാപകനും സിഇഒ-യും),
റിനോയ് സുവർണ്ണദാസ്, വിനോദ്കുമാർ ദാമോദരൻ എന്നിവരാണ് ഓറൻ സ്‌കാൻ നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച ഗവേഷകർ.

വായിൽ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് രാജ്യം നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്ന് സാസ്‌കാൻ സിഇഒ ഡോ. സുഭാഷ് നാരായണൻ പറഞ്ഞു.

ഇന്ത്യയിൽ പ്രതിവർഷം 80000 പേർക്ക് പുതുതായി രോഗം ബാധിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പ്രാരംഭദശയിൽ ടോർച്ച് ലൈറ്റ് ഉപയോഗിച്ച് വായിൽ പരിശോധന നടത്തുന്ന രീതിയാണ് രാജ്യത്ത് ഇപ്പോഴും പിന്തുടരുന്നത്. രോഗ നിർണയം വൈകുന്നത് പലപ്പോഴും രോഗനിർണ്ണയം വൈകുന്നത് ചികിത്സയുടെ ഫലപ്രാപ്തിയെയും ബാധിക്കുന്നുണ്ട്. കൈയിൽവച്ച് ഉപയോഗിക്കാവുന്ന ഓറൽസ്‌കാൻ പ്രസക്തമാകുന്നത്. ഓറൽസ്‌കാനിന്റെ വിപണിവില 5.9 ലക്ഷം രൂപയാണ്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ ആശുപത്രികൾക്കും ലബോറട്ടറികൾക്കും ഇത് പ്രയോജനപ്പെടുത്താം. മറ്റ് അധികച്ചെലവുകൾ ഒന്നുംതന്നെയില്ല.

ഓറൽസ്‌കാനിന്റെ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യൻ പേറ്റന്റും കമ്പനിക്ക് ലഭിച്ചു. അമേരിക്കൻ പേറ്റന്റിനായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 6 ആശുപത്രികളിൽ പരീക്ഷണം നടത്തി കമ്പനി ഓറൽസ്‌കാനിന്റെ കാര്യക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. ദന്തചികിത്സ, ഓറൽ മെഡിസിൻ, ഓറൽ/മാക്സിലോഫേഷ്യൽ പത്തോളജി-സർജറി എന്നിവയ്ക്ക് ഉപകരണം ഏറെ പ്രയോജനപ്പെടുമെന്ന് ടൈമെഡ് സിഇഒ-യും ശ്രീചിത്രയിലെ എൻജിനീയറുമായ ശ്രീ. ബൽറാം പറഞ്ഞു. ഉപകരണത്തിന്റെ ആദ്യ വിൽപന ഇന്നൊവേറ്റീവ് ഇന്ത്യയിലെ ശ്രീ. കേതൻ പർമറിന് ശ്രീചിത്ര ഡയറക്ടർ ഡോ. ആശാ കിഷോർ കൈമാറും.