മെഡിക്കല്‍ കൌണ്‍സില്‍ പരിശോധനക്കായി വ്യാജരോഗികളെ എത്തിച്ച് വിവാദത്തിലായ വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടി. 10 വിദ്യാർഥികളുടെ പരീക്ഷ ഹാൾ ടിക്കറ്റാണ് കോളേജ് തടഞ്ഞു വെച്ചത്. വിഷയത്തില്‍ ഇടപെടുമെന്ന് ആരോഗ്യ സര്‍വകലാശാല വ്യക്തമാക്കി. വിഷയത്തില്‍ നിയമോപദേശം തേടാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
എം.ബി.ബി.എസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ പത്ത് പേര്‍ക്കാണ് കോളജ് അധികൃതര്‍ പരീക്ഷയെഴുതാനുള്ള അവസരം നിഷേധിച്ചത്. ഇന്ന് പരീക്ഷ തുടങ്ങിയെങ്കിലും മതിയായ ഹാജരില്ലെന്ന് കാട്ടി ഹാള്‍ ടിക്കറ്റ് തടഞ്ഞുവെക്കുകയായിരുന്നു. അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയും ക്രമക്കേടുകളും മൂലം പഠനം തുടരാന്‍ കഴിയാത്തതിനാല്‍ വേറെ കോളജില്‍ പഠിക്കാന്‍ അവസരമൊരുക്കണമെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ച കുട്ടികള്‍ക്ക് നേരെയാണ് മാനേജ്മെന്റിന്റെ പ്രതികാര നടപടി.
വിഷയം പരിശോധിച്ച് ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യസര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ മീഡിയവണിനോട് പറഞ്ഞു. സ്വകാര്യ കോളേജായതിനാല്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്നും വിഷയത്തില്‍ നിയമോപദേശം തേടുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
നേരത്തെ വാടക രോഗികളെയും താത്കാലിക ഡോക്ടര്‍മാരെയും എത്തിച്ചത് കൂടാതെ എസ്.ആര്‍ മെഡിക്കല്‍ കോളജ് വ്യാജരേഖകള്‍ സമര്‍പ്പിച്ചതും തെളിഞ്ഞിരുന്നു.