മെഡിക്കല്‍ കൌണ്‍സിലിന്‍റെ പരിശോധനക്കായി വാടകയ്ക്ക് രോഗികളെ എത്തിച്ചതിലൂടെ വിവാദമായ എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ ആറ് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ നീക്കം. മെഡിക്കല്‍ കൌണ്‍സില്‍ പരിശോധന തടസപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് കോളജ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വാടകയ്ക്ക് രോഗികളെ എത്തിച്ച സംഭവം പുറത്തെത്തിച്ചതിനാണ് മാനേജ്മെന്‍റിന്‍റെ പ്രതികാര നടപടി. മെഡിക്കല്‍ കൌണ്‍സിലിന്‍രെ പരിശോധന തടസപ്പെടുത്തിയെന്ന ആരോപണമാണ് എസ്.ആര്‍ മെഡിക്കല്‍ കോളജിലെ ആറ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്.
ഡോക്ടര്‍മാരോ രോഗികളോ ഇല്ലാത്ത മെഡിക്കല്‍ കോളജ് എം.സി.ഐ പരിശോധനയില്‍ പരാജയപ്പെടാനാണ് സാധ്യത. ഈ ഘട്ടത്തില്‍ പരിശോധന വിദ്യാര്‍ഥികള്‍ തടസപ്പെടുത്തിയെന്ന വാദം എം.സി.ഐക്ക് മുന്നിലും ഹൈകോടതിയിലും എത്തിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ നടപടികളെന്നാണ് വിദ്യാര്‍ഥികള്‍ കരുതുന്നത്. ഇതിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ പുറത്താക്കുമോ എന്ന ആശങ്കയും വിദ്യാര്‍ഥികള്‍ക്കുണ്ട്. മാനേജ്മെന്‍റിന്‍റെ ആരോപണം തെറ്റാണെന്നും കോളജിലെ യഥാര്‍ഥ സാഹചര്യം മെഡിക്കല്‍ കൌണ്‍സിലിന് മുന്നില്‍ എത്തിക്കാനുള്ള ശ്രമം മാത്രമാണ് നടത്തിയതെന്ന മറുപടി വിദ്യാര്‍ഥികള്‍ നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്താല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് കെ എസ് യു മുന്നറിയിപ്പ് നല്‍കി. അതേ സമയം മെഡിക്കല്‍ കോളജ് തുടര്‍ച്ചയായി സ്വീകരിക്കുന്ന വിദ്യാര്‍ഥിക്കെതിരായ നടപടിക്കെതിരെ ആരോഗ്യവകുപ്പ് ഇടപെടാത്തതിലെ ആക്ഷേപവും വിദ്യാര്‍ഥികള്‍ക്കുണ്ട്. ഈ മാസം നാലാം തീയതിയാണ് മെഡിക്കല്‍ കൌണ്‍സില്‍ വര്‍ക്കല എസ്. ആര്‍ കോളജില്‍ പരിശോധനക്കെത്തിയത്.