Kerala

എസ്എംഎ രോഗത്തിന്റെ പിടിയില്‍പ്പെട്ട് അഞ്ചുവയസുകാരി മറിയ; വേണം കരുതലിന്റെ സഹായം

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗത്തിന്റെ പിടിയില്‍പ്പെട്ട് സുമനസുകളുടെ സഹായം തേടുകയാണ് അഞ്ച് വയസുകാരി മറിയക്കുട്ടി. പാലക്കാട് ചിറ്റിലഞ്ചേരിയിലെ നിഷയുടെ മകള്‍ മറിയ ഓടിചാടി നടക്കേണ്ട പ്രായത്തില്‍ എസ്എംഎ രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട് ദുരിത ജീവിതം നയിക്കുകയാണ്.

മറിയക്കുട്ടിയെ എങ്ങനെയെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുളള പരിശ്രമത്തിലാണ് അമ്മ നിഷയും ഒരു നാടും. അഞ്ച് രൂപയുടെ മാസ്‌ക് വിറ്റ് ജീവിക്കുന്ന നിഷയുടെ ഏകവരുമാനമാണ് കുടുംബത്തിനുള്ളത്. ഏതാണ്ട് ആറ് കോടിയോളം രൂപയാണ് മിടുക്കിയായ അഞ്ചരവയസുകാരി മറിയയുടെ ചികിത്സക്ക് ആവശ്യമുള്ളത്. ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ നിസഹായയായി നില്‍ക്കുന്ന ഈ കുടുംബത്തിന് കരുണ വറ്റാത്ത മനുഷ്യരുടെ സഹായം കൂടിയേ തീരൂ.

വീട്ടില്‍ ആര് വന്നാലും മനോഹരമായി പാട്ടുപാടാറുണ്ട് മറിയ. ആരെക്കണ്ടാലും സ്‌നേഹത്തോടെ ചിരിക്കുകയും അവരോട് വിശേഷങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന മറിയക്കുട്ടി പക്ഷേ പോരാടുന്നത് വലിയൊരു രോഗത്തോടാണ്.

കുഞ്ഞിന്റെ ചികിത്സക്കും ദൈനംദിന കാര്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഓഫീസുകളിലും നഗരത്തിലുമെല്ലാം അഞ്ച് രൂപ മാസ്‌ക്ക് വില്പന നടത്തുകയാണ് അമ്മ നിഷ. ജോലിക്ക് പോകുമ്പോള്‍ മറിയയെ നോക്കുന്നത് കാഴ്ചപരിമിതിയുളള മുത്തച്ഛനാണ്. എത്ര പ്രയാസപ്പെട്ടാണെങ്കിലും കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം. അത് മാത്രമാണ് നിഷയുടെ ആഗ്രഹം. കുട്ടിയുടെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് നേരത്തെ കുടുംബത്തെ ഉപേക്ഷിച്ച് പോയതാണ് മറിയയുടെ അച്ഛന്‍.

മറിയയുടെ വലത്തേ കാലിന്റെ എല്ല് വളയാന്‍ തുടങ്ങിയതോടെ കുട്ടിക്ക് ഒറ്റക്ക് നടക്കാനാകാത്ത അവസ്ഥയായി. ഇപ്പോള്‍ നട്ടെല്ലിനും വളവ് ബാധിച്ച് തുടങ്ങിയിട്ടുണ്ട്. ഉടന്‍ ചികിത്സ തുടങ്ങിയാല്‍ കുട്ടിയെ രക്ഷിച്ചെടുക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. റിസ്ഡിപ്ലാം എന്ന 75 ലക്ഷത്തോളം വിലവരുന്ന മരുന്ന് വര്‍ഷങ്ങള്‍ നല്‍കണം.ആകെ ആറ് കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. സ്‌കൂളില്‍ പോയില്ലെങ്കിലും പഠിക്കാനും പാട്ടിലുമൊക്കെ മിടുക്കിയാണ് മറിയ. കുഞ്ഞിന്റെ ചികിത്സക്കായി സഹായസമിതി രൂപീകരിച്ച് നാട്ടുകാര്‍ പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

അക്കൗണ്ട് വിവരങ്ങള്‍:

MARIA – A/C NO: 0056073000003995
IFSC: SIBL0000056
NENMARA
SOUTH INDIAN BANK