Kerala

കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്; മൂന്നു ലക്ഷം നല്‍കുമെന്ന് മുഖ്യമന്ത്രി

കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി. കുട്ടികള്‍ക്ക് മൂന്നു ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കും. 18 വയസ്സുവരെ 2000 രൂപ മാസം തോറും നല്‍കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 24,166 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 181 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 30,539 പേര്‍ രോഗമുക്തരായത്. ബ്ലാക്ക് ഫംഗസിനെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 52 ബ്ലാക്ക് ഫംഗസ് കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ കുറയാത്തതിൽ ആശങ്കയുണ്ട്. മരണസംഖ്യ കുറയാൻ നാലാഴ്ച വരെ സമയമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത തീയതിയിൽ നടത്താന്‍ നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. നിർമാണ മേഖലയിൽ മെറ്റൽ കിട്ടാത്ത പ്രശ്നം നിലനിൽക്കുന്നതിനാല്‍ ക്രഷറുകൾക്ക് കോവിഡ് മാനദണ്ഡം പാലിച്ച് തുറക്കാം. കണ്ണട ഷോപ്പുകൾ,കൃത്രിമ അവയവങ്ങൾക്കുള്ള സ്ഥാപനങ്ങൾ, മൊബൈൽ, കമ്പ്യൂട്ടർ ഷോപ്പുകൾ എന്നിവ രണ്ടു ദിവസം തുറക്കാൻ അനുമതി നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. ആളുകളുടെ ജീവൻ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം ഏറ്റവും നന്നായി നിർവഹിക്കണം. മാസ്ക്,സാനിറ്റൈസർ എന്നിവ സർക്കാർ നിർദേശിച്ച വിലക്ക് തന്നെ നൽകണം. പലയിടങ്ങളിലും വില കൂട്ടി നൽകുന്നുവെന്ന പരാതിയുണ്ടെന്നും കൂടിയ വിലക്ക് വിറ്റ കാസർകോട്ടെ മൂന്ന് മരുന്നു കടകൾ അടപ്പിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.