കൊല്ലം പള്ളിമൺ ഇളവൂരിലെ ആറുവയസുകാരി ദേവനന്ദയുടെ മരണത്തിൽ പ്രത്യേകസംഘം അന്വേഷണം തുടരും. മൃതദേഹം കിട്ടിയ സ്ഥലത്ത് ദേവനന്ദ എങ്ങനെയെത്തി എന്നതാണ് അന്വേഷിക്കുക. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടായിരിക്കും അന്വേഷണത്തിന്റെ ഗതി തീരുമാനിക്കുന്നത്.
മൃതദേഹത്തിൽ പോറലോ മറ്റ് പാടുകളോ ഇല്ല. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ പോസ്റ്റ്‌മോർട്ടം പ്രാഥമിക നിഗമനത്തിലും കണ്ടെത്തിയിട്ടില്ല. മാത്രമല്ല, കുട്ടിയുടെ രക്തക്കുഴലിലും ശ്വാസകോശത്തിലും ചെളിയും ജലവും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് മുങ്ങിമരണമെന്ന നിഗമനത്തിലേക്ക് എത്തിയത്. എന്നാൽ ദേവനന്ദ എങ്ങനെ 200 മീറ്റർ അകലെയുള്ള ഇത്തിക്കരയാറിലേക്ക് എത്തിയെന്നതാണ് സംഭവത്തിലെ ദുരൂഹത. തൊട്ടടുത്ത് ആളൊഴിഞ്ഞ വീടുചുറ്റി പോലീസ് നായ ഓടിയതും അന്വേഷണസംഘം ഗൗരവമായി പരിഗണിക്കുന്നുണ്ട്.
ദേവനന്ദ അന്ന് സ്‌കൂളിൽ പോകാതിരുന്നത് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോകുന്നതിന് വേണ്ടിയാണ്. ക്ഷേത്രത്തിലേത്തേക്ക് പോകുന്നതിനായി താത്കാലികമായി കെട്ടിയുണ്ടാക്കിയ മണൽ ചാക്ക് പാലത്തിന് അധികം ദൂരെയല്ലാതെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി ക്ഷേത്രത്തിലേക്ക് ഒറ്റക്ക് പോയതാണോ എന്ന സംശയം നിലനിൽക്കുന്നു. എന്നാൽ ദേവനന്ദ ഒറ്റക്ക് വീടിന് പുറത്തേക്ക് ഇറങ്ങാറില്ലെന്നാണ് സമീപവാസികൾ പറയുന്നത്. ഈ വൈരുദ്ധ്യങ്ങളെല്ലാം അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് അന്വേഷണസംഘം.