Kerala

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ്‍ ഇല്ല; രോഗവ്യാപനം കൂടിയ മേഖലകളില്‍ കടുത്ത നിയന്ത്രണം

ജനങ്ങളുടെ സാമൂഹ്യ,സാമ്പത്തികാവസ്ഥ പരിഗണിച്ച് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ വേണ്ടെന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത്

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ്‍ വേണ്ടെന്ന് മന്ത്രിസഭ യോഗത്തില്‍ തീരുമാനം. രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ധനബില്‍ പാസാക്കാനുള്ള സമയപരിധി രണ്ട് മാസത്തേക്ക് നീട്ടാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി.

ജനങ്ങളുടെ സാമൂഹ്യ,സാമ്പത്തികാവസ്ഥ പരിഗണിച്ച് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ വേണ്ടെന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത്. പൂര്‍ണ്ണമായ അടച്ചിടലിലേക്ക് പോയാല്‍ ജനജീവിതം ദുസ്സഹമാകുമെന്നാണ് മന്ത്രിസഭ യോഗം വിലയിരുത്തിയത്. രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം കൂടുതലായി ഉണ്ടായത്. ഈ പശ്ചാത്തലത്തില്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും പരിശോധന വ്യാപിപ്പിക്കുകയും ചെയ്യും.

നിയമസഭ ചേരാത്തത് കൊണ്ട് ധനബില്‍ പാസാക്കാനുള്ള സമയപരിധി രണ്ട് മാസത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. 2003 ധനകാര്യ ഉത്തരവാദിത്ത നിയമത്തിലെ നാലാം വകുപ്പിലെ 2 സി ഉപവകുപ്പാണ് ഇതിനായി ഭേദഗതി ചെയ്തത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കമ്മീഷന്‍റെ കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടി.