Kerala

ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പ് അവധിയിലുള്ള ഓഫീസര്‍ സ്ഥലത്തെത്തി; അസ്വാഭാവികതയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായതിന് ശേഷം അഡീഷണൽ ചീഫ് പ്രോട്ടോക്കോൾ ഓഫീസര്‍ സ്ഥലത്തെത്തിയതില്‍ അസ്വാഭാവികതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.

സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായതിന് ശേഷം അഡീഷണൽ ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ സ്ഥലത്തെത്തിയതില്‍ അസ്വാഭാവികതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് അവധിയിലുള്ള ഓഫീസർ സ്ഥലത്തെത്തി. അഡീഷണൽ ചീഫ് പ്രോട്ടോകോള്‍ ഓഫീസർ എ.പി രാജീവന്റെ ടവർ ലൊക്കേഷൻ പരിശോധിക്കണമെന്നും സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാൽ തീപിടിത്തം ഉണ്ടായെന്ന് ജീവനക്കാർ അറിയിച്ച പ്രകാരമാണ് എത്തിയതെന്നാണ് രാജീവൻ പൊലീസിന് മൊഴി നൽകിയത്. രാജീവനെ അന്വേഷണ സമിതിയെ സഹായിക്കാനുള്ള ഉദ്യോഗസ്ഥ സമിതിയിൽ ഉൾപ്പെടുത്തിയതും വിവാദമായിരുന്നു. അതിനിടെ സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ ഒരു ഫയലും നശിച്ചിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

തീപിടിത്തമുണ്ടായത് ഫാനിൽ നിന്നാണെന്നായിരുന്നു പിഡബ്യൂഡിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഫാൻ ഉരുകി ഫയലിലേക്കും കർട്ടനിലേക്കും വീണാണ് തീ പടർന്നത്, ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി മന്ത്രി ജി.സുധാകരൻ വ്യക്തമാക്കിയിരുന്നു. അതേസമയം സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ ഫയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കത്തിയതില്‍ സുപ്രധാന ഫയലുകളില്ല, രണ്ട് സംഘങ്ങള്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നുണ്ടെന്നും ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.