India Kerala

പ്രത്യേക നിയമസഭ സമ്മേളനം; ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധം ശക്തം

പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധം ശക്തം. അംഗങ്ങൾ മെമ്പേഴ്സ് ലോഞ്ചിൽ സമ്മേളിച്ച് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ്. തലസ്ഥാനത്തുള്ള പ്രതിപക്ഷ എം.എൽ.എമാർ നിയമസഭക്കടുത്തെത്തി പ്രതിഷേധിക്കും. രാത്രിയിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്.

ഗവർണ്ണറുടെ നടപടി നിർഭാഗ്യകരമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മന്ത്രിസഭയുടെ ശുപാർശ നിരാകരിച്ച ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് പ്രസ്താവിച്ചു. ഗവർണ്ണർ കേന്ദ്ര സർക്കാരിന്‍റെ ചട്ടുകമാകരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു. കർഷകരെ ഗവർണ്ണർ ഒറ്റിക്കൊടുത്തെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.അതേസമയം ഗവർണ്ണർക്ക് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തി. ഗവർണ്ണറുടെ നടപടി സ്വാഗതാർഹമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രസ്താവിച്ചു. പിന്നാലെ ഗവർണ്ണറെ അനുമോദിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരനും ഒ.രാജഗോപാൽ എം.എൽ.എയും പത്രക്കുറിപ്പിറക്കി.