പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്കു മറുപടിയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്നു പറഞ്ഞ സ്പീക്കർ അവരോടൊപ്പം വിദേശത്തേക്കു യാത്ര ചെയ്തിട്ടില്ലെന്നും വിദേശത്തു വച്ച് കണ്ടിട്ടില്ലെന്നും വ്യക്തമാക്കി.
സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി പരിചയം ഉണ്ട്, ക്രിമിനൽ പശ്ചാത്തലം അറിയില്ലായിരുന്നു. കോൺസൽ ജനറലിന്റെ സെക്രട്ടറി എന്ന നിലയിൽ പരിപാടികളിൽ ക്ഷണിക്കാൻ വന്നാണ് സൗഹൃദത്തിലായത്. ക്രിമിനൽ പശ്ചാത്തലം അറിഞ്ഞശേഷം സഹായം ആവശ്യപ്പെടുകയോ സഹായം ചെയ്യുകയോ ഉണ്ടായിട്ടില്ല. കേന്ദ്ര ഏജൻസികൾ ചോദിക്കുന്ന വിവരങ്ങൾ നൽകും. അക്കാര്യത്തിൽ സാധാരണ പൗരനു കിട്ടുന്ന പരിഗണന മതി.
വിദേശ യാത്രകളെ സംബന്ധിച്ച ചോദ്യത്തിന്, തന്റെ ഗ്രാമത്തിലുള്ളവർ കൂടുതലും വിദേശത്താണെന്നും അവരുടെ ക്ഷണം അനുസരിച്ച് കെ.എം.സി.സി അടക്കമുള്ള സംഘടനകളുടെ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. താൻ ഒഴികെയുള്ള കുടുംബം അവിടെയാണ്. എംബസിയെ അറിയിച്ചാണ് വിദേശത്തു പോയിട്ടുള്ളത്. തന്റെ സങ്കൽപത്തിൽപോലും ഇല്ലാത്ത കാര്യമാണ് ആരോപണങ്ങളായി വരുന്നതെന്നും സ്പീക്കർ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനത്തിലെ ആരോപണങ്ങൾ സഭാ ടിവി ധൂർത്തല്ലെന്നും അവിടെ ആരെയും സ്ഥിരമായി നിയമിച്ചിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി.