പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരള നിയമസഭയുടെ പ്രമേയം സംബന്ധിച്ച ഗവര്‍ണറുടെ വിമര്‍ശനം തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഗവർണറുടെ വിമർശനത്തിന് അടിസ്ഥാനമില്ല. നിയമസഭ ചെയ്തത് ഭരണഘടനക്ക് വിധേയമായ കാര്യങ്ങളാണ്. നിയമസഭ പ്രമേയം പാസാക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ല. പൗരത്വ നിയമം ആർട്ടിക്കിൾ 14, 15ന്‍റെ ലംഘനമാണെന്നും സ്പീക്കര്‍ പറഞ്ഞു.
രാജ്യത്തെയാകെ ബാധിക്കുന്ന വിഷയത്തോട് പ്രതികരിക്കാൻ നിയമസഭക്ക് അവകാശമുണ്ട്. അവകാശ ലംഘനം മുഖ്യമന്ത്രിയിൽ മാത്രം ഒതുക്കേണ്ട. അനുമതി നൽകിയ സ്പീക്കർ, അനുകൂലിച്ച പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടെ മുഴുവൻ സഭയ്ക്കും എതിരെ അവകാശ ലംഘനത്തിന് നീങ്ങട്ടെയെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ കേരള നിയമസഭയിലെ പ്രമേയത്തിന് പ്രസക്തിയില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. പൗരത്വ നിയമം പൂർണമായും കേന്ദ്ര വിഷയമാണ്. സംസ്ഥാനം അധികാര പരിധിയിലുള്ള കാര്യത്തിനായി സമയം ചെലവഴിക്കുകയാണ് വേണ്ടത്. തങ്ങളുടെ അധികാര പരിധിയില്‍ വരാത്ത കാര്യം ചര്‍ച്ച ചെയ്തു സമയം പാഴാക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതി കേരളത്തെ ഒരു തരത്തിലും ബാധിക്കില്ല. വിഭജനം ബാധിക്കാത്ത സംസ്ഥാനമായ കേരളത്തില്‍ നുഴഞ്ഞുകയറ്റക്കാര്‍ ഇല്ലെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി.