Kerala

സമാധാനം പുനസ്ഥാപിക്കണം; സര്‍വകക്ഷിയോഗത്തില്‍ സ്പീക്കര്‍ എംബി രാജേഷും പങ്കെടുക്കും

പാലക്കാട് ഇന്ന് നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്. ജില്ലയിലെ പ്രത്യേക സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടത് ചുമതലയാണ്. ആ ചുമതല നിറവേറ്റുമെന്നും സ്പീക്കര്‍ പറഞ്ഞു.

‘സര്‍ക്കാര്‍ വിളിക്കുന്ന യോഗങ്ങളില്‍ സാധാരണ സ്പീക്കറുടെ പ്രതിനിധിയാണ് പങ്കെടുക്കുന്നത്. ഇവിടെ പ്രോട്ടോക്കോള്‍ നോക്കി പങ്കെടുക്കേണ്ട വിഷയമല്ല. ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്’. എം ബി രാജേഷ് വ്യക്തമാക്കി.

പാലക്കാട്ടെ കൊലപാതകങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. വൈകിട്ട് ചേരുന്ന സര്‍വകക്ഷി യോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ അക്രമങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയുമെന്നും സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാകുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. വൈകിട്ട് 3 30് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടക്കുക.

ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ 144 പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുചക്ര യാത്രക്ക് നിയന്ത്രണം ഏര്‍പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റില്‍ ഇരുത്തി യാത്ര നടത്താന്‍ പാടില്ലെന്നാണ് ഉത്തരവ്. ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.