India Kerala

ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ കൂടുന്നു; തിരുവനന്തപുരത്ത് ആശങ്ക

ഉറവിടമറിയാത്ത രണ്ട് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ തലസ്ഥാനം ആശങ്കയില്‍. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരനുമുണ്ട്. തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ തലസ്ഥാനത്തെ സാഹചര്യങ്ങള്‍ സങ്കീര്‍ണമാകുകയാണ്. പുതുതായി കോവിഡ് സ്ഥിരീകരിച്ച 17 പേരില്‍ രണ്ട് പേര്‍ക്ക് രോഗമെവിടെ നിന്നുവന്നു എന്ന് വ്യക്തമല്ല. സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരനും ഇതില്‍ ഉള്‍പ്പെടും. എസ്.എ.പി ക്യാമ്പിലും സെക്രട്ടേറിയറ്റ് പരിസരത്തും ജൂൺ 23ന് ആനയറയിലുമായി ഇദ്ദേഹം ജോലി ചെയ്തിരുന്നു. പാറശ്ശാലയില്‍ രോഗം സ്ഥിരീകരിച്ച യുവതിക്കും യാത്രാ പശ്ചാത്തലമില്ല. പൂന്തുറയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ ബന്ധുവിനും രോഗബാധ കണ്ടെത്തി.

നഗരത്തിലെ മാര്‍ക്കറ്റുകള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. കടകള്‍ തുറക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച എ ആര്‍ ക്യാമ്പിലെ പൊലീസുകാരനുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.