ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരും. ഇതിനായുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി ഇന്ത്യന്‍ എംബസി വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെ അറിയിച്ചു. ടെല്‍ അവീവില്‍ നിന്ന് പ്രത്യേകവിമാനത്തിലാണ് മ്യതദേഹം ഡൽഹിയിൽ എത്തിയ്ക്കുക. ഡൽഹിയിൽ നാളെ പുലർച്ചയോടെ എത്തുന്ന മ്യതദേഹം തുടർന്ന് കേരളത്തിലേക്ക് വായു മാർഗ്ഗം കൊണ്ട് വരും.
അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന മുന്നറിയിപ്പ് ഇന്ത്യന്‍ എംബസി ആവർത്തിച്ചു. പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നാണ് എംബസിയുടെ നിർദേശം. അടിയന്തിരഘട്ടത്തില്‍ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടമെന്നും അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. മലയാളം അടക്കം നാലുഭാഷകളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുളളത്. അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്.
അഞ്ച് വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ മരണത്തോടെ ഇസ്രായേലിലെ മലയാളി സമൂഹം കടുത്ത ആശങ്കയിലാണ്.