India Kerala

ശാസ്ത്രജ്ഞര്‍ക്ക് സൂര്യനെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള അവസരം കൂടിയാണ് സൂര്യഗ്രഹണം

ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് ഇന്ന് കേരളത്തില്‍ ദൃശ്യമായത്. കേരളത്തില്‍ മാത്രമല്ല സൌദി അറേബ്യ മുതല്‍ ഗുവാം ദ്വീപ് വരെയുള്ള പ്രദേശങ്ങിലാണ് ഗ്രഹണം കാണാന്‍ കഴിഞ്ഞത്. ആകാശക്കാഴ്ച എന്നതിലുപരി ശാസ്ത്രജ്ഞര്‍ക്ക് സൂര്യനെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള അവസരം കൂടിയാണ് ഗ്രഹണം.

‌ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും . ഇതാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയമാണെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടില്ല. അതായത് ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയ വ്യത്യാസം സൂര്യന്റേതിനെക്കാള്‍ ചെറുതാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. അപ്പോള്‍ ഒരു മോതിരം പോലെ സൂര്യനെ കാണാം. ഇതാണ് വലയ സൂര്യഗ്രഹണം. സൂര്യപ്രകാശം മൂലമുള്ള ചന്ദ്രന്റെ നിഴൽ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച് പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാന്‍ കഴിയുക. സൌദി അറേബ്യ മുതല്‍ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് ഇന്നത്തെ ഗ്രഹണം കാണാന്‍ കഴിഞ്ഞത്.മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യത്തിലാണ് ഗ്രഹണം ദൃശ്യമായത്.

2010 ജനുവരി 15നാണ് കേരളത്തില്‍ വലയഗ്രഹണം ദൃശ്യമായത്. ഇനി 2031ല്‍ കാണാം. ചെലവ് കുറഞ്ഞ രീതിയില്‍ സൂര്യനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സാധിക്കുന്നുവെന്നതാണ് ഗ്രഹണം ശാസ്ത്രലോകത്തിന് നല്‍കുന്ന നേട്ടം. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെ കുറിച്ചും ചന്ദ്രന്റെ ഭ്രമണപഥം കൃത്യമായി മനസിലാക്കുന്നതിനുമൊക്കെ ഗ്രഹണം പ്രയോജനപ്പെടും.