India Kerala

ജയില്‍ ജീവനക്കാര്‍ക്ക് കൂച്ച്‌വിലങ്ങ്; സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ നിയന്ത്രണം

സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നതിന് ജയില്‍ വകുപ്പ് ജീവനക്കാര്‍ക്ക് കര്‍ശന വിലക്ക്.ഔദ്യോഗിക വേഷത്തിലുള്ള ഫോട്ടോകള്‍ പോലും ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഉപയോഗിക്കരുതെന്ന് ജയില്‍ വകുപ്പ് മേധാവി സര്‍ക്കുലിറക്കി. രാഷ്ട്രീയ ചായ്‌വുള്ള പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്യുകയോ ലൈക്ക് നല്‍കുകയോ ചെയ്യരുതെന്നും ഋഷിരാജ് സിംഗ് പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്.

ജയില്‍ വകുപ്പ് മേധാവിയായി ഋഷിരാജ് സിംഗ് എത്തിയതിന് ശേഷം ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള നിയന്ത്രണം കര്‍ശനമാക്കുയാണ്.ഫേസ്ബുക്ക്,വാട്ട്സാപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ ഔദ്യോഗിക വേഷത്തിലുള്ള ചിത്രങ്ങള്‍ ഇടുന്നത് കര്‍ശനമായി വിലക്കി.ഓഫീസ് കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ഫേസ്ബുക്കിലും വാട്ട്സാപ്പിലും കയറരുത്. കേസുകളില്‍ പിടികൂടുന്ന പ്രതികളുടെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തെക്കുറിച്ചും വ്യക്തിപരമായ അക്കൌണ്ടിലൂടെ അഭിപ്രായം പറയരുതെന്നും ഋഷിരാജ് സിംഗ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

രാഷ്ട്രീയ ചായ്‌വുള്ള പോസ്റ്റുകളേ ഇടാന്‍ പാടില്ലെന്ന് പറയുന്ന സര്‍ക്കുലറില്‍ മറ്റാരെങ്കിലും ഇട്ട പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. അത്തരം പോസ്റ്റുകള്‍ക്ക് താഴെ ലൈക്കടിക്കരുതെന്നും കമന്റ് ചെയ്യരുതെന്നും എടുത്ത് പറയുന്നു. സര്‍ക്കുലറിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നിയമനടപടികള്‍ക്ക് പുറമേ വകുപ്പ് തല അച്ചടക്ക നടപടിയും ഉണ്ടാകും.അതാത് ജയില്‍സ്ഥാപന മേധാവികള്‍ക്കാണ് നടപടി സ്വീകരിക്കാനുള്ള ചുമതല.