ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ജാഗ്രത പാലിക്കണമെന്ന് എറണാകുളം തെരഞ്ഞെടുപ്പ് കമ്മീഷന് നിരീക്ഷക മാധ്വി കടാരിയ. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയുളള സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും കടാരിയ വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ നിതാന്ത നിരീക്ഷണത്തിലാണ്. കമ്മിറ്റിയുടെ സാക്ഷ്യപ്പെടുത്തല്‍ ലഭിക്കാത്ത പരസ്യങ്ങളോ വോട്ടഭ്യര്‍ത്ഥനയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തരുത്. ഇത്തരം പോസ്റ്റുകള്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് കമ്മിറ്റിക്ക് കൈമാറി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നിരീക്ഷക ചൂണ്ടിക്കാട്ടി.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മാധ്വി കടാരിയ. പെയ്ഡ് ന്യൂസ് സ്വഭാവത്തിലും ഏകപക്ഷീയവുമായ വാര്‍ത്തകള്‍ പത്ര, ദൃശ്യമാധ്യമങ്ങളില്‍ കണ്ടെത്തിയാലും ഇവ സ്ഥാനാര്‍ത്ഥിയുടെ പരസ്യച്ചെലവില്‍ ഉള്‍പ്പെടുത്തും. പോസ്റ്ററുകള്‍, സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍, റേഡിയോ പരസ്യങ്ങള്‍, മറ്റ് ദൃശ്യ ശ്രാവ്യ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള പരസ്യപ്രചാരണം എന്നിവയ്ക്കും സര്ട്ടിഫിക്കേഷന് നിര്‍ബന്ധമാണ്. പോളിംഗിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ പത്രങ്ങളില്‍ നല്കുന്ന പരസ്യങ്ങളും മാധ്യമ നിരീക്ഷണ സമിതി സാക്ഷ്യപ്പെടുത്തിയിരിക്കണം.