നിലപാടുകള്‍ കൊണ്ട് വീണ്ടും വ്യത്യസ്തയാവുകയാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. നിപ വൈറസ് ഭീതി പരത്തിയ നാളുകളില്‍ ആ ധൈര്യവും കാരുണ്യത്തോടെയുള്ള പെരുമാറ്റവും മലയാളികള്‍ കണ്ടറിഞ്ഞതാണ്. ഈ അടുത്ത് നടന്ന പല സംഭവങ്ങളിലും ശൈലജ ടീച്ചറുടെ സമീപനം പ്രശംസാവഹമായിരുന്നു. അനിയത്തിക്കു ജനിച്ച കുഞ്ഞിന് ഹൃദയവാൽവിനു തകരാറുണ്ടെന്നും കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്നു പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ ചികിത്സാ സഹായം ഉറപ്പു വരുത്തി വീണ്ടും കയ്യടി നേടിയിരിക്കുകയാണ് ആരോഗ്യമന്ത്രി. സോഷ്യല്‍ മീഡിയ ഒന്നാകെ മന്ത്രിയുടെ ഉത്തരവാദിത്തപരമായ പെരുമാറ്റത്തെ പ്രശംസിക്കുകയാണ്. നിപ ബാധിതരെ പരിചരിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷും മന്ത്രിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. നമ്മൾ ചിന്തിക്കുന്നതിനു മുൻപെ കാര്യങ്ങൾ മനസ്സിലാക്കാനും അത് നടപ്പിലാക്കാനും ഉളള ടീച്ചറുടെ മനസ്സും കഴിവും അഭിനന്ദിക്കേണ്ടത് തന്നെയാണെന്ന് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
തന്റെ സഹോദരിയുടെ കുഞ്ഞിന് ഹൃദയ വാല്‍വ് സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും അമൃതയിലോ ശ്രീചിത്രയിലോ കൊണ്ടുപോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും സഹായിക്കണമെന്നുമായിരുന്നു ജിയാസ് മാടശ്ശേരി എന്നയാളുടെ കമന്റ്. ഇതിന് താഴെ കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും ഹൃദ്യം പദ്ധതിക്ക് വേണ്ടിയുള്ള ആംബുലന്‍സ് കുട്ടിയെ പ്രവേശിപ്പിച്ച പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മറുപടി നല്കി. ഇന്ന് പുലര്‍ച്ചെ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.