Kerala

ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന കേന്ദ്ര നിർദേശം തള്ളി ശോഭാ സുരേന്ദ്രൻ

ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന കേന്ദ്ര നിർദേശം തള്ളി ശോഭാ സുരേന്ദ്രൻ. ഇന്ന് കൊച്ചിയിൽ നടക്കുന്ന ബി.ജെ.പി നേതൃയോഗത്തിൽ ശോഭ പങ്കെടുക്കില്ല. സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് ശോഭാ സുരേന്ദ്രന്‍റെ നിലപാട്

ശോഭാ സുരേന്ദ്രന്‍റെ വിഷയം രമ്യമായി പരിഹരിക്കാൻ കഴിയുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി ദേശീയ നേതാവ് സി.പി രാധാകൃഷ്ണൻ പറഞ്ഞു. പാർട്ടിയിൽ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. ശോഭ സുരേന്ദ്രനോട് ഇന്നത്തെ ബി.ജെ.പി സംസ്ഥാന നേതൃ യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.

പാർട്ടിയിലെ തർക്കങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. വരും ദിവസങ്ങളില്‍ വിശദമായി സംസാരിക്കുമെന്നും ശോഭ സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി ശോഭ സുരേന്ദ്രന്​ അഭിപ്രായഭിന്നതകളുണ്ടെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും അവർ ഉന്നയിച്ചിരുന്നു.