India Kerala

വയനാട്ടില്‍ വലയസൂര്യ ഗ്രഹണം ഭാഗികം; അന്തരീക്ഷം മേഘാവൃതമായത് പ്രതികൂലമായി

അന്തരീക്ഷം മേഘാവൃതമായതിനാല്‍ വയനാട്ടില്‍ ഭാഗിക വലയ സൂര്യ ഗ്രഹണമേ ദൃശ്യമായുള്ളൂ. കല്‍പ്പറ്റയിലും സുല്‍ത്താന്‍ ബത്തേരിയിലും സൂര്യഗ്രഹണം പൂര്‍ണതോതില്‍ ദൃശ്യമായില്ല. മറ്റു ജില്ലകളില്‍ നിന്നടക്കം വന്നവര്‍ നിരാശരായാണ് കല്‍പ്പറ്റയില്‍ നിന്നും മടങ്ങിയത്.

കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ കാലത്ത് എഴര മുതല്‍ മാനത്ത് നോക്കി കണ്ണു നട്ട് കാത്തിരിക്കാന്‍ തുടങ്ങിയതാണ്.മറ്റു ജില്ലകളില്‍ നിന്നടക്കം എത്തിയവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും സൂര്യനെ മാത്രം കണ്ടില്ല. പത്തരക്ക് ശേഷമാണ് വലയ സൂര്യഗ്രഹണം അല്‍പ്പമെങ്കിലും ദൃശ്യമായത്. ഇതിനിടെ ദേശീയ പൌരത്വ നിയമഭേദഗതിക്കെതിരെ പ്ലക്കാര്‍ഡുകളുമേന്തി ഒരു സംഘം പ്രതിഷേധമറിയിക്കുകയും ചെയ്തു.

വലയസൂര്യഗ്രഹണം കാണാന്‍ കല്‍പ്പറ്റയിലും മീനങ്ങാടിയിലുമെല്ലാം വിപുലമായ സൌകര്യങ്ങളാണ് അധികൃതര്‍ ഒരുക്കിയിരുന്നത്. കലാപരിപാടികളുംസംഘടിപ്പിച്ചിരുന്നു. മാനന്തവാടിയിലും പടിഞ്ഞാറത്തറയിലും വലയ സൂര്യ ഗ്രഹണം ദൃശ്യമായി. മറ്റിടങ്ങളിലെല്ലാം ഭാഗികമായിരുന്നു.