Kerala

പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകന് സസ്പെൻഷൻ

ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ (10) പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെടുന്നു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി.

അതേ സമയം സ്കൂള്‍ വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ച ഷിജില്‍ എന്ന അധ്യാപകനെ വയനാട് ഡി.ഡി.ഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന കുട്ടികളുടെ ആരോപണത്തേത്തുടർന്നാണ് നടപടിയെടുത്തത്. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്ന് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു. സ്‌കൂളിന് വളരെ അടുത്ത് ആശുപത്രിയും വാഹന സൗകര്യവുമുണ്ടായിട്ടും അധ്യാപകര്‍ കുട്ടിയെ കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നാണ് സ്‌കൂളിലെ കുട്ടികള്‍ ആരോപിച്ചത്.

ക്ലാസ്റൂമിലെ തറയിലുണ്ടായിരുന്ന പൊത്തില്‍ നിന്നാണ് ഷഹ്‌ലക്ക് പാമ്പ് കടിയേറ്റത്.പാമ്പു കടിയേറ്റതു പോലുള്ള പാടുകൾ കണ്ടതിനെ തുടർന്നു രക്ഷിതാക്കൾ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ തുടർന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകും വഴിനില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചു. ഇതിനിടെ സ്‌കൂളിനെതിരേയും അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായി.