മതവിദ്വേഷ മുദ്രാവാക്യ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ ഇന്ന് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് യഹിയ തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി മുജീബിന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
ആലപ്പുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് യഹിയ തങ്ങളെ
അറസ്‌റ്റ് ചെയ്‌തത്. 21ന് ആലപ്പുഴയിൽനടന്ന റാലിയുടെ സ്വാഗതസംഘം ചെയർമാനാണ് യഹിയ തങ്ങൾ.
വൻ പൊലീസ് സന്നാഹത്തോടെ ഉച്ചയോടെയാണ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഇയാളെ എത്തിച്ചത്. വിശദമായ ചോദ്യംചെയ്യലിനൊടുവിൽ അറസ്‌റ്റ് രേഖപ്പെടുത്തി.
ശനിയാഴ്‌ച അനുമതിയില്ലാതെ എസ്പി ഓഫീസ് മാർച്ച് നടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു. കഴിഞ്ഞദിവസം പൊലീസ് അറസ്റ്റുചെയ്ത കുട്ടിയുടെ അച്ഛനടക്കം അഞ്ചുപേരെ കോടതി റിമാൻഡ്ചെയ്തിരുന്നു. കേസിൽ ഇതുവരെ 26 പേർ പിടിയിലായി. വരുംദിവസങ്ങളിൽ കൂടുതൽ അറസ്‌റ്റ് ഉണ്ടാകുമെന്നാണ് സൂചന.