Entertainment Kerala

‘സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഒരു ജൂറി അംഗവും പറഞ്ഞിട്ടില്ല’; അവാര്‍ഡ് വിവാദത്തില്‍ രഞ്ജിത്തിനെ പിന്തുണച്ച് വീണ്ടും സജി ചെറിയാന്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ജൂറി അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. രഞ്ജിത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഒരു ജൂറി അംഗവും പറഞ്ഞിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. ട്വന്റിഫോറിന്റെ സംവാദ പരിപാടി ‘ബിഗ് ഫൈറ്റി’ലാണ് മന്ത്രിയുടെ വാക്കുകള്‍.

രഞ്ജിത്ത് ജൂറിയിലെ അംഗമല്ല. രഞ്ജിത്ത് സ്വാധീനിച്ചെന്ന് ആ ജൂറിയിലെ ഒരംഗവും പറഞ്ഞില്ല. പിന്നെ എന്താണ് പ്രശ്‌നം. ന്യായമായ പരാതി ആണെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തുടര്‍കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ സാംസ്‌കാരിക മന്ത്രി രഞ്ജിത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് ജൂറിയംഗങ്ങളെ സ്വാധീനിച്ചുവെന്ന സംവിധായകന്‍ വിനയന്റെ ആരോപണം തളളിയ അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ജൂറിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന് അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെടാനാകില്ല. രഞ്ജിത്തിന് ഇതില്‍ റോള്‍ ഉണ്ടായിരുന്നില്ല. അവാര്‍ഡുകള്‍ നല്‍കിയത് അര്‍ഹരായവര്‍ക്കാണ്. ഇതില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

അതേസമയം വിനയന്റെ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരിക വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കുകയായിരുന്നു. തന്റെ സിനിമയായ ’19-ാം നൂറ്റാണ്ടിന്’ അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്നാണ് വിനയന്റെ ആരോപണം.