Kerala

ശിവശങ്കറിന്‍റെ സാമ്പത്തിക ഇടപാടിൽ അന്വേഷണം; ചാർട്ടേഡ് അക്കൗണ്ടന്‍റിനെ ചോദ്യം ചെയ്തു

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള നാല് പേരുടെ കൂടി അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയേക്കും.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ സാമ്പത്തിക ഇടപാടിൽ കസ്റ്റംസ് അന്വേഷണം. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടൻറിനെ കസ്റ്റംസ് ചോദ്യം ചെയ്തു. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. അതേസമയം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള നാല് പേരുടെ കൂടി അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയേക്കും.

ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ ചാർട്ടേഡ് അക്കൗണ്ടൻറിനെ ഇന്നലെ വൈകിട്ട് കസ്റ്റംസ് 2 മണിക്കൂർ ചോദ്യം ചെയ്തത്. നേരത്തെ ശിവശങ്കറിൻ്റെ ബാങ്ക് രേഖകൾ കസ്റ്റംസ് ശേഖരിച്ചിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് ഇപ്പോൾ കസ്റ്റംസ് പരിശോധിക്കുന്നത്.

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടിയ ജലാൽ, അബൂബക്കർ, ജിഫ്സൽ, ഷാഫി എന്നിവരുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തും. ഇവരെ കസ്റ്റഡിയിൽ ലഭിക്കാൻ എൻഐഎ കോടതിയിൽ അപേക്ഷ നൽകും. റമീസിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഐഎ നടപടി. സ്വർണക്കടത്തിന് സാമ്പത്തികമായി സഹായിച്ചെന്നും കടത്തിയ സ്വർണം വാങ്ങിയെന്നും കസ്റ്റംസ് കണ്ടെത്തിയവരെയാണ് എൻഐഎയും അറസ്റ്റ് ചെയ്യുക