Kerala

ശിവശങ്കറിന്‍റെ സ്വത്ത് മരവിപ്പിക്കാന്‍ ഇ.ഡി നീക്കം തുടങ്ങി

ശിവശങ്കറിന്‍റെ സ്വത്ത് മരവിപ്പിക്കാന്‍ ഇ.ഡി നീക്കം ആരംഭിച്ചു. ചോദ്യംചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇ.ഡിയുടെ നീക്കം. ബാങ്ക് അക്കൌണ്ടടക്കം എല്ലാ സ്വത്തുകളും മരവിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇ.ഡിയുടെ പല ചോദ്യങ്ങളോടും ശിവശങ്കര്‍ മുഖം തിരിക്കുകയാണെന്നാണ് വിവരം. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും ശിവശങ്കരന് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡിയുള്ളത്. ഇക്കാര്യത്തില്‍ മൊഴികളും ലഭിച്ചിട്ടുണ്ട്. സ്വപ്ന അക്കൌണ്ടില്‍ ഇട്ട പണം ഇതാണോ എന്നതാണ് ഇനി അറിയേണ്ടത്. കൂടാതെ സ്വര്‍ണക്കടത്തിനും കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷണം. എന്നാല്‍ ഇതുവരെ വരവില്‍ കവിഞ്ഞ ഒരു സ്വത്തും കണ്ടെത്താനായിട്ടില്ല. മറ്റാരുടെയെങ്കിലും പേരിലേക്ക് സ്വത്ത് മാറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്വത്ത് മരവിപ്പിക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കിയത്.

ഉടന്‍ തന്നെ ശിവശങ്കരന്റെ പേരിലുള്ള സ്വത്തുക്കളും ബാങ്ക് അക്കൌണ്ടുകളും മരവിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലില്‍ പലകാര്യങ്ങളിലും മറുപടിയാന്‍ ശിവശങ്കരന്‍ തയ്യാറായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കരന്റെ എല്ലാ ഇടപാടുകളെ കുറിച്ചും അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഇ.ഡി നല്കിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇ.ഡിയുടെ കേസില്‍ നിലവില്‍ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും മറ്റ് കേസുകളില്‍ ഇവര്‍ ജയിലിലാണ്. ആയതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യാനുള്ള അനുമതിയാണ് തേടിയിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ശിവശങ്കരന്‍ പറയാത്ത ഉത്തരങ്ങളില്‍ വ്യക്തത കണ്ടെത്താനാകുമെന്നാണ് ഇ.ഡി പ്രതീക്ഷിക്കുന്നത്.