തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കുമെന്ന് സൂചന. വിഷയത്തില്‍ പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും. യൂണിവേഴ്സിറ്റി കോളേജിൽ യൂണിറ്റ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എ.ബി.വി.പി.
യൂണിവേഴ്‌സിറ്റി കോളേജിൽ ക്ലാസ് ആരംഭിച്ചെങ്കിലും വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.കെ.എസ്.യു പ്രത്യക്ഷ സമരത്തിൽ നിന്ന് വിട്ടു നില്ക്കുകയാണെങ്കിലും യൂത്ത് കോൺഗ്രസ് സമരം ഏറ്റെടുത്തിട്ടുണ്ട്.വിവിധ സമരപരിപാടികളാണ് യൂത്ത് കോൺഗ്രസ് ലക്ഷ്യമിടുന്നത്. അതിനിടെ യൂണിവേഴ്സിറ്റി കോളേജിൽ യൂണിറ്റ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എ.ബി.വി.പി. സെക്രട്ടറിയേറ്റിലേക്ക് ഇന്ന് ക്യാമ്പസ് ഫ്രണ്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.സംഘർഷ സാധ്യത കണക്കിലെടുത്തു വലിയ സുരക്ഷാ വലയം പൊലീസ് നഗരത്തിൽ ഒരുക്കിയിട്ടുണ്ട് .
അതേസമയം യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിതിന്റെ വീട്ടിൽ നിന്നും സർവകലാശാല ഉത്തരക്കടലാസുകൾ പിടിച്ചെടുത്ത കേസിൽ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിച്ചേക്കും. ക്രൈം ബ്രാഞ്ച് അന്വേഷണം വൈകുന്നതിൽ ആക്ഷേപം ഉയർന്നിരുന്നു. പിടിച്ചെടുത്ത ബുക് ലെറ്റുകളില്‍ ഒന്ന് കോളേജിലെ പ്രണവ് എന്ന വിദ്യാര്‍ത്ഥിക്ക് പരീക്ഷാ സമയത്ത് നല്‍കിയിരുന്നതാണെന്ന് കോളേജ് അധികൃതര്‍ ഇന്നലെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ പേരിലുള്ള വ്യാജ സീല്‍ പ്രതികള്‍ ഹാജര്‍ നേടാന്‍ ഉപയോഗിച്ചിരുന്നതാണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. ഒളിവിലുള്ള പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.